ജബൽ ഷംസിൽ 0.1°C; തണുത്തുവിറച്ച് ഒമാനിലെ ഉയർന്ന പ്രദേശങ്ങൾ
മറ്റ് പല പ്രദേശങ്ങളിലും താഴ്ന്ന താപനില
മസ്‌കത്ത്: തണുത്തുവിറച്ച് ഒമാനിലെ ഉയർന്ന പ്രദേശങ്ങൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ പലയിടങ്ങളിൽ താപനിലയിൽ വൻ കുറവ് അനുഭവപ്പെട്ടു. സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം ജബൽ ഷംസിലാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. 0.1°C ആണ് ഇവിടെ രേഖപ്പെടുത്തിയത്. ഒമാന്റെ ചില ഭാഗങ്ങളെ, പ്രത്യേകിച്ച് ഉയർന്ന പ്രദേശങ്ങളെ ബാധിക്കുന്ന തണുപ്പിന്റെ തീവ്രതയാണ് ഇത് എടുത്തുകാണിക്കുന്നത്.
രാജ്യത്തെ ഏറ്റവും ഉയർന്ന കൊടുമുടിയായ ജബൽ ഷംസിൽ ശൈത്യകാല മാസങ്ങളിൽ പലപ്പോഴും ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്താറുണ്ട്. എന്നാൽ പൂജ്യത്തിന് താഴെ താപനില എത്തുന്നത് താരതമ്യേന കുറവാണ്.
ഇതേ കാലയളവിൽ മറ്റ് പല പ്രദേശങ്ങളിലും താഴ്ന്ന താപനില റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സായിഖ് 4.8°C, യൻകുൽ 9.5°C, നിസ്‌വ 11.5°C, ഫഹൂദ് 11.5°C മുഖ്ഷിൻ 11.3°C, ഹൈമ 11.0°C, സുനൈന 11.6°C, ബഹ്ല 12.3°C, ഉമ്മുൽ സമായിം, ദൻക് 12.4°C എന്നിങ്ങനെയാണ് വിവിധയിടങ്ങളിലെ താപനില.
വടക്കൻ കാറ്റിന്റെ തുടർച്ചയായ സ്വാധീനവും മേഖലയിലെ അന്തരീക്ഷവുമാണ് താപനിലയിലെ വ്യാപക ഇടിവ് പ്രതിഫലിപ്പിക്കുന്നത്.