ഒമാനിൽ ഇന്ന് ശഅബാൻ ഒന്ന്; റമദാനിലേക്ക് ഇനി ഒരു മാസം
റമദാൻ മാസത്തിലെ ആദ്യ ദിവസം ഫെബ്രുവരി 19 വ്യാഴാഴ്ച വരുമെന്നാണ് പ്രതീക്ഷ
മസ്‌കത്ത്: മാസപ്പിറ കണ്ടതോടെ ഒമാനിൽ ഇന്ന് ശഅബാൻ ഒന്ന്. നോമ്പുകാലമായ റമദാനിലേക്ക് ഇനി ഒരു മാസം മാത്രമാണ് ദൂരം. ഹിജ്‌റ 1447 ലെ ശഅബാൻ മാസപ്പിറ കണ്ടതായി ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ചന്ദ്രക്കല കണ്ടത്. റമദാൻ മാസത്തിലെ ആദ്യ ദിവസം ഫെബ്രുവരി 19 വ്യാഴാഴ്ച വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാസപ്പിറ കാണുന്നതിന് അനുസരിച്ചായിരിക്കും വ്രതം തുടങ്ങുക.
ഈദ് അൽ ഫിത്വർ അവധി 2026 മാർച്ച് 19 വ്യാഴാഴ്ച ആരംഭിച്ച് അഞ്ച് ദിവസം ലഭിക്കുമെന്നാണ് ഔദ്യോഗിക കലണ്ടറിലുള്ളത്. മാർച്ച് 24 ചൊവ്വാഴ്ച പ്രവൃത്തി പുനരാരംഭിക്കുമെന്നും സൂചിപ്പിക്കുന്നു.
ഓരോ ഗ്രിഗോറിയൻ വർഷത്തിന്റെയും തുടക്കത്തിൽ ദേശീയ, മതപരമായ അവധി ദിനങ്ങൾ മുൻകൂട്ടി പ്രഖ്യാപിക്കുന്നതിനുള്ള നയം മന്ത്രിമാരുടെ കൗൺസിൽ 2025 ഡിസംബർ 28 ന് അംഗീകരിച്ചിരുന്നു. എന്നാൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ അവധി ദിനങ്ങൾ ഇതിൽ പെടില്ല. ഇവ ഹിജ്റി മാസങ്ങളിലെ ചന്ദ്രക്കല നിർണയിക്കാൻ ചുമതലപ്പെടുത്തിയ പ്രധാന ചന്ദ്രക്കല നിരീക്ഷണ കമ്മിറ്റിയുടെ പ്രഖ്യാപനങ്ങൾക്കനുസൃതമായാണ് പ്രഖ്യാപിക്കുക.
യുഎഇയിലും ഇന്നാണ് ശഅ്ബാൻ മാസത്തിലെ ആദ്യ ദിനമെന്ന് ഫത്വ കൗൺസിൽ അറിയിച്ചിരുന്നു. ഇസ്‌ലാമിക് കലണ്ടർ പ്രകാരം വിശുദ്ധ റമദാൻ മാസത്തിന് തൊട്ടുമുമ്പുള്ള മാസമാണ് ശഅ്ബാൻ. വരാനിരിക്കുന്ന വ്രതശുദ്ധിയുടെ നാളുകൾക്കായി വിശ്വാസികൾ ഒരുങ്ങുന്ന ഈ മാസത്തിന്റെ തുടക്കം വിശ്വാസികൾ ഏറെ ആവേശത്തോടെയാണ് വരവേൽക്കുന്നത്.