ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള വിമാനസർവ്വീസ് പുനരാരംഭിക്കുന്നത് വൈകും

ജനുവരിയില്‍ തുടങ്ങുന്നതിന് നടത്താനിരുന്ന പ്രഖ്യാപനം മാറ്റി. സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി വീണ്ടും ചർച്ച നടത്തി. പ്രതീക്ഷയുണ്ടെന്ന് ഇന്ത്യന്‍ എംബസി.

Update: 2020-12-03 01:25 GMT

ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് പുനരാരംഭിക്കുന്ന കാര്യത്തിൽ എംബസി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി വീണ്ടും ചർച്ച നടത്തി. വിമാന സർവീസ് സംബന്ധിച്ച ചർച്ചയുടെ ഫലം പ്രതീക്ഷയോടെ കാത്തിരിക്കുന്നതായി എംബസി അധികൃതർ മീഡിയവണിനോട് പറഞ്ഞു. ഇതിനിടെ, ജനുവരിയിൽ വിമാന സർവീസ് തുടങ്ങുന്നത് സംബന്ധിച്ച് ഇന്ന് നടത്താനിരുന്ന പ്രഖ്യാപനം മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഒമ്പതു മാസം മുമ്പാണ് കോവിഡ് കാരണം സൗദി വിമാന സർവീസുകൾ റദ്ദാക്കിയത്. ഇത്, ജനുവരി മുതൽ തുടങ്ങാനാണ് പദ്ധതി. ഇതിന്റെ പ്രഖ്യാപനം ഇന്നലെയുണ്ടാകുമെന്നാണ് സൗദി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സൗദിയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. ഈ പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Advertising
Advertising

മറ്റു പല രാജ്യങ്ങളിലേക്കും എയര്‍ ബബ്ൾ കരാർ പ്രകാരം സൗദി നിലവിൽ വിമാന സർവീസ് നടത്തുന്നുണ്ട്. എന്നാൽ കോവിഡ് കൂടുതലുള്ള ഇന്ത്യയടക്കം ചില രാജ്യങ്ങൾ സൗദിയുടെ യാത്രാവിലക്ക് പട്ടികയിലാണ്. നിലവിൽ ഇന്ത്യയിൽ കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യം ഇന്ത്യൻ എംബസി സൗദി മന്ത്രാലയത്തേയും സിവിൽ ഏവിയേഷൻ അതോറിറ്റിയേയും അറിയിച്ചു.

കഴിഞ്ഞ ദിവസം വീണ്ടും, ഇന്ത്യൻ അംബാസിഡർ ഡോ. ഔസാഫ് സഈദും സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡണ്ട് അബ്ദുൽ ഹാദി അൽ മൻസൂരിയും ചർച്ച നടത്തി. എയർ ബബ്ൾ കരാർ സംബന്ധിച്ച അന്തിമ തീരുമാനം പെട്ടെന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എംബസിയും പ്രവാസികളും.

Tags:    

Similar News