ഒമാനിൽ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ വൈകിയാൽ ഇൻഷുറൻസ് കമ്പനികൾ നഷ്ടപരിഹാരം നൽകണം
നിശ്ചിത ദിവസങ്ങൾകുള്ളിൽ പണി കഴിഞ്ഞില്ലെങ്കിലാണ് ഓരോ ദിവസത്തിനും പണം നൽകേണ്ടത്
മസ്‌കത്ത്: ഒമാനിൽ വാഹനങ്ങളുടെ അറ്റകുറ്റപ്പണി വൈകിപ്പിക്കുന്ന ഇൻഷുറൻസ് കമ്പനികൾ വാഹനങ്ങളുടെ ഉടമകൾക്ക് നിർബന്ധിത നഷ്ടപരിഹാരം നൽകണമെന്ന് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി. ഇതു സംബന്ധിച്ച് വാഹന ഇൻഷുറൻസ് പോളിസിയിൽ ഭേദഗതികൾ വരുത്തി. പുതിയ നിയമപ്രകാരം അപകടത്തിൽപ്പെട്ട വാഹനത്തിന്റെ രേഖകൾ പൂർത്തിയാക്കി 30 ദിവസത്തിനുള്ളിൽ അറ്റകുറ്റപ്പണി തീർത്തില്ലെങ്കിൽ ഓരോ ദിവസത്തിനും പണമായി നഷ്ടപരിഹാരം നൽകാൻ കമ്പനികൾ ബാധ്യസ്ഥരാണ്. അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാനും ഇൻഷുറൻസ് ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് ഈ സുപ്രധാന നീക്കം.
കൂടാതെ, അറ്റകുറ്റപ്പണികൾക്കുള്ള തുക അനുവദിക്കുന്ന രീതിയിലും അതോറിറ്റി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ആകെ തുകയുടെ 70 ശതമാനം അറ്റകുറ്റപ്പണികൾ തുടങ്ങുന്നതിന് മുൻപും ബാക്കി 30 ശതമാനം പണി പൂർത്തിയായ ശേഷവും നൽകണം. അപകടത്തിൽപ്പെട്ട വാഹനങ്ങൾ അംഗീകൃത സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ച് കൃത്യസമയത്ത് തന്നെ നിരത്തിലിറങ്ങുന്നുവെന്ന് ഉറപ്പാക്കാൻ പുതിയ നിയമം സഹായിക്കും. പുതിയ ചട്ടങ്ങൾ നടപ്പിലാക്കാൻ ഇൻഷുറൻസ് കമ്പനികൾക്ക് 30 ദിവസത്തെ സാവകാശം അതോറിറ്റി അനുവദിച്ചിട്ടുണ്ട്.