സൗദിയിൽ എഞ്ചിനീയറിങ് ജോലിക്കെത്തുന്നവർ ഇനി പ്രൊഫഷണൽ പരീക്ഷ പാസാകണം
രാജ്യത്തെ തൊഴിൽ മേഖലയിൽ കഴിവും കാര്യക്ഷമതയുമുള്ളവരെ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സൗദി മന്ത്രാലയത്തിന്റെ നടപടി.
സൗദിയിലെ വിദേശികളായ എഞ്ചിനീയറിങ് മേഖലയിലെ എല്ലാ തൊഴിലാളികൾക്കും പ്രൊഫഷണൽ പരീക്ഷ നടപ്പിലാക്കാൻ നിർദേശം. രാജ്യത്തെ മുനിസിപ്പൽ ഗ്രാമീണ കാര്യ മന്ത്രാലയമാണ് എഞ്ചിനീയറിങ് കൗൺസിലിന് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഇനി മുതൽ പരീക്ഷ പാസാകുന്നവർക്ക് മാത്രമേ ജോലിയിൽ പ്രവേശിപ്പിക്കാനാകൂ.
രാജ്യത്തെ തൊഴിൽ മേഖലയിൽ കഴിവും കാര്യക്ഷമതയുമുള്ളവരെ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സൗദി മന്ത്രാലയത്തിന്റെ നടപടി. ഇതു പ്രകാരം, എഞ്ചിനീയറിങ് മേഖലയിലേക്ക് സൗദിയിൽ ജോലിക്കെത്തുന്നവർ പരീക്ഷക്ക് ഹാജരാകണം. ഇതിൽ പാസായാൽ മാത്രമേ അനുബന്ധ മേഖലയിലെ ജോലിയിൽ പ്രവേശിക്കാനാകൂ. മികച്ച പ്രൊഫഷണൽ പരിശീലനങ്ങൾ നൽകാനും പ്രാബല്യത്തിൽ വരുത്താനും നിർദേശമുണ്ട്. മുനിസിപ്പൽ, ഗ്രാമീണ കാര്യ മന്ത്രി മാജിദ് അൽ ഹുഖൈൽ ആണ് സഊദി എഞ്ചിനീയറിങ് കൗൺസിലിന് നിർദേശം നൽകിയത്. നിലവിൽ എഞ്ചിനീയറിങ് ഐടി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സൗദി കൗൺസിൽ ഓഫ് എഞ്ചിനിയേഴ്സിൽ രജിസ്ട്രേഷൻ നിർബന്ധമാണ്. പരീക്ഷ ആർക്കെല്ലാം നിർബന്ധമാകുമെന്നത് മന്ത്രാലയം വിശദീകരിക്കും.