ഖത്തര്‍ നടപ്പാക്കാനൊരുങ്ങുന്ന നിര്‍ബന്ധിത ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിയമത്തിന്‍റെ കരടിന് ഷൂറാ കൌണ്‍സിലിന്‍റെ അംഗീകാരം
അടിയന്തിര സാഹചര്യങ്ങളിൽ ഗുണഭോക്താക്കൾക്ക് ആരോഗ്യ പരിരക്ഷാ സേവനങ്ങൾ നൽകുന്നതിന് കരട് നിയമം വ്യവസ്ഥ ചെയ്യുന്നു
ഖത്തര്‍ നടപ്പാക്കാനൊരുങ്ങുന്ന നിര്‍ബന്ധിത ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിയമത്തിന്‍റെ കരടിന് ഷൂറാ കൌണ്‍സിലിന്‍റെ അംഗീകാരം. അമീറിന്‍റെ അംഗീകാരം കൂടി ലഭിക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഉള്‍പ്പെടെ മുഴുവന്‍ വിസാ നടപടിക്രമങ്ങള്‍ക്കും ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാകും.
നേരത്തെ മന്ത്രിസഭ അംഗീകാരം നല്‍കിയ നിര്‍ബന്ധിത ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിയമത്തിന്‍റെ കരടാണ് ഷൂറാ കൌണ്‍സിലും ചര്‍ച്ചക്കെടുത്തത്. വിശദമായ പരിശോധനകള്‍ക്ക് ശേഷം ഷൂറാ കൌണ്‍സിലും കരട് നിയമത്തിന് അംഗീകാരം നല്‍കി. ഇനി അമീറിന്‍റെ അംഗീകാരവും തുടര്‍ന്ന് ഗസറ്റില്‍ വിജ്‍ഞാപനവും വരുന്നതോടെ നിയമം പ്രാബല്യത്തിലാകും.
രാജ്യത്തെത്തുന്ന എല്ലാ തരം ജനങ്ങളുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഖത്തര്‍ നിര്‍ബന്ധിത ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിയമം നടപ്പാക്കുന്നത്. ഇതോടെ പുതിയ വിസയെടുക്കുന്നതിനും ഐഡി പുതുക്കുന്നതിനും റീ എന്‍ട്രികള്‍ക്കും എല്ലാ തരം സന്ദര്‍ശക വിസകള്‍ക്കും ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കും. അടിയന്തിര സാഹചര്യങ്ങളിൽ ഗുണഭോക്താക്കൾക്ക് ആരോഗ്യ പരിരക്ഷാ സേവനങ്ങൾ നൽകുന്നതിന് കരട് നിയമം വ്യവസ്ഥ ചെയ്യുന്നു.
അപകടം മറികടക്കുന്നതുവരെ ഒരു തുകയും നൽകേണ്ടതില്ല. ആരോഗ്യ പരിരക്ഷാ സേവനങ്ങൾ ലഭിക്കുമ്പോൾ ഉറപ്പുവരുത്തേണ്ട രോഗികളുടെ അവകാശങ്ങളും കടമകളും കരട് നിയമം പ്രതിപാദിക്കുന്നുണ്ട്. ഒപ്പം ദാതാവും ഇന്‍ഷൂറന്‍സ് കമ്പനിയുമായുള്ള കരാറിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കുള്ള പിഴകളെ കുറിച്ചും കരടില്‍ നിര്‍ദേശങ്ങളുണ്ട്. ഖത്തറിന്‍റെ സര്‍വതോന്മുഖ വികസനം ലക്ഷ്യമിട്ട് ആവിഷ്കരിച്ച വിഷന്‍ 2030ന്‍റെ ഭാഗമായാണ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിയമം നടപ്പാക്കുന്നത്.