'ഇസ്രയേലിന് നല്‍കുന്ന നിരുപാധിക പിന്തുണ പാശ്ചാത്യ രാജ്യങ്ങള്‍ അവസാനിപ്പിക്കണം': ഖത്തര്‍

ഇസ്രയേല്‍ തകര്‍ത്ത ഗസ്സയിലെ 45 കെട്ടിട സമുച്ചയങ്ങള്‍ ഖത്തര്‍ പുനര്‍നിര്‍മ്മിക്കും.

Update: 2021-05-30 19:09 GMT
Advertising

സ്കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഖത്തര്‍ വിദേശകാര്യസഹമന്ത്രിയും വിദേശകാര്യവക്താവുമായ ലൌല അല്‍ ഖാതിറാണ് പലസ്തീന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. പലസ്തീന്‍ ജനതയ്ക്കെതിരായ ഇസ്രയേല്‍ അതിക്രമങ്ങള്‍ 1948 മുതല്‍ ആരംഭിച്ചതാണ്. പതിറ്റാണ്ടുകളോളം അവര്‍ ദുരിത ജീവിതം നയിച്ചു. ഹമാസ് രൂപീകൃതമായത് 1980 ല്‍ മാത്രമാണ്. പശ്ചിമേഷ്യന്‍ പ്രശ്നങ്ങളുടെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ഇസ്രയേലിന് നല്‍കി വരുന്ന ധാര്‍മ്മികവും രാഷ്ട്രീയപരവും സാമ്പത്തികപരവുമായ പിന്തുണയും സഹായവും അവസാനിപ്പിക്കാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ തയ്യാറാവണമെന്നും ലൌല അല്‍ ഖാതിര്‍ ആവശ്യപ്പെട്ടു.

ഗസ്സ പുനര്‍നിര്‍മ്മാണത്തിനായി 500 മില്യണ്‍ ഡോളറാണ് ഖത്തര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്രയേല്‍ ആക്രമണങ്ങളില്‍ തകര്‍ന്ന പലസ്തീനികളുടെ താമസകേന്ദ്രങ്ങളായ 45 കെട്ടിട സമുച്ചയങ്ങളുടെ പുനര്‍നിര്‍മ്മാണം ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമെ അല്‍ജസീറ ചാനല്‍, അസോസിയേറ്റഡ് പ്രസ്സ് എന്നിവയുടെ കാര്യാലയങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന അല്‍ ജലാ ബില്‍ഡിങ്, ഖത്തര്‍ റെഡ് ക്രസന്‍റ് ഓഫീസ് സ്ഥിതി ചെയ്തിരുന്ന കെട്ടിടം, ഗസ്സയില്‍ ഖത്തര്‍ സ്ഥാപിച്ച ഹമദ് റീഹാബിലിറ്റേഷന്‍ ഹോസ്പിറ്റല്‍ തുടങ്ങിയവയും പുതുക്കിപ്പണിയും. ഈ മൂന്ന് കെട്ടിടങ്ങളും ഇസ്രയേല്‍ ഷെല്ലാക്രമണത്തില്‍ തകര്‍ന്നിരുന്നു.

ഗസ്സയ്ക്കായി ഖത്തര്‍ പ്രഖ്യാപിക്കുന്ന ധനസഹായം മാനുഷികപരമല്ലാത്ത കാര്യങ്ങള്‍ക്കാണ് നല്‍കുന്നതെന്ന ഇസ്രയേല്‍ വാദം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും ലൌല അല്‍ ഖാതിര്‍ ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്ര സഭയുടെ വിവിധ വിഭാഗങ്ങളുടെ അറിവോടെ മാത്രമാണ് ഖത്തറിന്‍റെ മുഴുവന്‍ ഫണ്ടും ഗസ്സയില്‍ ചിലവഴിക്കുന്നത്. ഇസ്രയേലിന്‍റെ തന്നെ അനുമതിയോടും കൂടി മാത്രമാണ് ഈ ഫണ്ടെല്ലാം ഗസ്സയിലെത്തുന്നതും. പലസ്തീനികളുടെ മാനുഷികപരമായ ആവശ്യങ്ങളിലേക്കും അവര്‍ക്ക് വൈദ്യുതി സൌകര്യങ്ങളൊരുക്കുന്നതിലേക്കുമാണ് കാര്യമായ തുകയും ചിലവഴിക്കപ്പെടുന്നത്. എല്ലാം അറിഞ്ഞുകൊണ്ട് തന്നെ ഇസ്രയേല്‍ പ്രതിനിധികളുടെ വാദങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമാണെന്നും ലൌല അല്‍ ഖാതിര്‍ ചൂണ്ടിക്കാട്ടി

Editor - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Similar News