രൂപയുടെ മൂല്യം ഇടിഞ്ഞത് നേട്ടമാക്കി പ്രവാസികൾ: നാട്ടിലേക്ക് പണമൊഴുക്ക് വർധിച്ചു
കഴിഞ്ഞ ഏതാനും ദിവസങ്ങളായി രൂപയുടെ ഇടിവിനെ തുടർന്ന് വിദേശ കറൻസികൾക്ക് നല്ല വിനിമയ മൂല്യമാണ് ലഭിച്ചു വരുന്നത്.
രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ കറൻസികളും ഇന്ത്യൻ രൂപയും തമ്മിലെ വിനിമയ നിരക്കിലെ നേട്ടം പ്രവാസികൾക്ക് ഗുണകരമായി മാറുകയാണ്. കുറച്ചു കാലം കൂടി ഇന്ത്യൻ രൂപയുടെ ഇടിവ് തുടർന്നേക്കും എന്നാണ് സൂചന.
ഒരു ദിർഹത്തിനു 20 രൂപ 46 പൈസയായിരുന്നു പകൽ രേഖപ്പെടുത്തിയ മികച്ച വിനിമയ നിരക്ക്. പ്രാദേശിക പണമിടപാട് സ്ഥാപനങ്ങൾ 20 രൂപ 34 പൈസയാണ് നൽകിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രൂപയുടെ ഇടിവിനെ തുടർന്ന് വിദേശ കറൻസികൾക്ക് നല്ല വിനിമയ മൂല്യമാണ് ലഭിച്ചു വരുന്നത്.
ദിർഹത്തിന് ഇരുപത് രൂപക്കും ചുവടെയായിരുന്ന വിനിമയ മൂല്യം 21 വരെ ഉയർന്നേക്കുമെന്നാണ് സൂചന. ഉയർന്ന നിരക്ക് ലഭ്യമായതോടെ പണം അയക്കാൻ നല്ല തിരക്കാണ് മിക്ക ധനവിനിമയ സ്ഥാപനങ്ങളിലും. നാട്ടിലേക്ക് അയക്കുന്ന പണത്തിൽ നല്ല വർധനവാണുള്ളതെന്ന് വിവിധ പണമിടപാട് സ്ഥാപനങ്ങൾ അറിയിച്ചു.
റമദാനും വിഷു ഉൾപ്പെടെ ആഘോഷ വേളകളും ഒത്തുവന്നതും നാട്ടിലേക്കുള്ള പണപ്രവാഹം ഉയരാൻ കാരണമായിട്ടുണ്ട്. നല്ലൊരു ശതമാനം പേരും ദൈനംദിന ചെലവുകൾ മുൻനിർത്തിയാണ് പണം അയക്കുന്നത്. ചെറിയൊരു വിഭാഗം നിക്ഷേപം മുൻനിർത്തിയും. ആഗോള വിപണിയിൽ എണ്ണവിലയിൽ രൂപപ്പെട്ട ഉണർവ് ഡോളറിന് കരുത്തായിട്ടുണ്ട്.