ഇന്ത്യയിൽ നിന്നുള്ള ചാർട്ടേഡ് വിമാനങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങളുമായി യുഎഇ
തലയെണ്ണി ടിക്കറ്റ് നൽകി യാത്രക്കാരെ ചാർട്ടേഡ് വിമാനത്തിൽ കൊണ്ടുവരാൻ അനുവദിക്കില്ലെന്ന് യുഎഇ ഏവിയേഷൻ
ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വരുന്ന ചാർട്ടേഡ് വിമാനങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് യുഎഇ അധികൃതർ. തലയെണ്ണി ടിക്കറ്റ് നൽകി യാത്രക്കാരെ ചാർട്ടേഡ് വിമാനത്തിൽ കൊണ്ടുവരാൻ അനുവദിക്കില്ലെന്നാണ് യുഎഇ ഏവിയേഷൻ അധികൃതരുടെ നിലപാട്.
യാത്രാവിലക്ക് നിലവിൽ വന്നതിന് ശേഷം ഇന്ത്യയിൽ നിന്ന് അടിയന്തരമായി യുഇയിലെത്തേണ്ടവർ ആശ്രയിക്കുന്നത് ചാർട്ടേഡ് വിമാനങ്ങളെയാണ്. പരമാവധി എട്ട് യാത്രക്കാർക്കാണ് ഇത്തരം വിമാനങ്ങളിൽ യുഎഇയിൽ എത്താൻ കഴിയുക. പല ട്രാവൽ ഏജൻസികളും യാത്രാക്കാരിൽ നിന്ന് നാല് ലക്ഷത്തോളം രൂപ ഈടാക്കി ഇത്തരം വിമാനങ്ങളിൽ യാത്രക്കാരെ എത്തിക്കുന്നുണ്ട്. എന്നാൽ സീറ്റ് അടിസ്ഥാനത്തിൽ ഓരോ യാത്രക്കാരനിൽ നിന്നും ടിക്കറ്റ് തുക ഈടാക്കി സർവീസ് നടത്തുന്നത് അനുവദിക്കാനാവില്ല എന്നാണ് യുഎഇ ജനറൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കുന്നത്. ഈ വിമാനങ്ങൾ എല്ലാ അർത്ഥത്തിലും സ്വകാര്യ വിമാനങ്ങളോ ബിസിനസ് വിമാനങ്ങളോ ആയിരിക്കണമെന്നാണ് അധികൃതർ മുന്നോട്ട് വെക്കുന്ന നിബന്ധന. അതായത് ഒരേ സ്ഥാപനത്തിലെ ജീവനക്കാർക്കോ ഒരേ കുടുംബത്തിലെ അംഗങ്ങൾക്കോ വേണ്ടിയാണ് ഈ സൗകര്യം ഉപയോഗിക്കേണ്ടതെന്ന് നേരത്തേ പുറപ്പെടുവിച്ച നിർദേശം അധികൃതർ കർശനമാക്കുകയാണ്.
35 പേരിൽ കൂടുതൽ പേർക്ക് യാത്ര ചെയ്യാവുന്ന വിമാനങ്ങൾ ഇത്തരം സർവീസുകൾക്ക് ഉപയോഗിക്കരുത്. എട്ട് പേരിൽ കൂടുതൽ ആളുകളുമായി വരുന്ന വിമാനങ്ങൾക്ക് അനുമതി നൽകേണ്ടതില്ലെന്നും അതോറിറ്റി നിർദേശിക്കുന്നു. ടിക്കറ്റിനായി വൻതുക മുടക്കാൻ തയ്യാറുള്ള വ്യക്തികൾക്കും ഇതോടെ ഇത്തരം വിമാനങ്ങളെ ആശ്രയിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇതോടെ സംജാതമാകുന്നത്.