സൗദിയിൽ ഫീൽഡ് പരിശോധനയിൽ ആയിരത്തോളം സ്ഥാപനങ്ങൾ അടപ്പിച്ചു
ഇരുപത്തി നാലായിരത്തിലധികം സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി
റിയാദ്: സൗദിയിൽ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയ ആയിരത്തോളം സ്ഥാപനങ്ങൾ അധികൃതർ അടപ്പിച്ചു. ഇരുപത്തി നാലായിരത്തിലധികം സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. നിയമലംഘനം കണ്ടെത്തുന്നതിനുള്ള ഫീൽഡ് പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
ജിദ്ദ നഗരസഭക്ക് കീഴിൽ കഴിഞ്ഞ മാസം നടത്തിയ ഫീൽഡ് പരിശോധനകളിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. വ്യാപാര സ്ഥാപനങ്ങളിലും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും 27,000 ലേറം ഫീൽഡ് പരിശോധനകൾ നടത്തി. ഇതിലൂടെ നിയമലംഘനം കണ്ടെത്തിയ 967 സ്ഥാപനങ്ങൾ അധികർതർ താൽക്കാലികമായി അടപ്പിച്ചു.
കൂടാതെ ആരോഗ്യ കാർഡ് ഇല്ലാത്തതിനും, പുതുക്കാത്തതിനും, ഭക്ഷ്യവസ്തുക്കൾ മോശം രീതിയിൽ സൂക്ഷിച്ചതിനും, ആരോഗ്യ വ്യവസ്ഥകൾ ലംഘിച്ചതിനുമായി 23,266 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു. അൽബാഹ പ്രവിശ്യയിൽ അയ്യായിരത്തോളം സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിയമ ലംഘനം കണ്ടെത്തിയ 867 സ്ഥാപനങ്ങൾക്ക് നഗരസഭ പിഴ ചുമത്തി.