റമദാനിലേക്കുള്ള ഉംറ പെർമിറ്റുകൾ അനുവദിക്കുന്നു; ഇത്തവണ 30 ലക്ഷം തീർഥാടകരെത്തും

സൗദിക്കകത്ത് നിന്നും പുറത്ത് നിന്നും ഉംറക്കെത്തുന്നവർ പെർമിറ്റെടുക്കൽ നിർബന്ധമാണ്. പെർമിറ്റില്ലാതെ ഉംറ നിർവഹിക്കാൻ ശ്രമിച്ചു പിടിക്കപ്പെട്ടാൽ 10,000 റിയാൽ വരെ പിഴ ചുമത്തും

Update: 2023-03-08 18:32 GMT
Editor : abs | By : Web Desk
Advertising

റമദാനിൽ ഉംറക്കുള്ള ബുക്കിങ് പൂർത്തിയാകുന്നതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം.ഇന്നലെ ആദ്യ 20 ദിവസത്തേക്കാരംഭിച്ച ബുക്കിങിൽ, വാരാന്ത്യ അവധി ദിനങ്ങളിലേക്കാണ് കൂടുതൽ ബുക്കിങുള്ളത്. പതിമൂവായിരത്തിലധികം ജീവനക്കാരെ തീർഥാടകർക്ക് സേവനം നൽകുന്നതിനായി ഇത്തവണ ഹറമിൽ നിയോഗിച്ചിട്ടുണ്ട്.

ഇത്തവണ റമദാനിൽ 30 ലക്ഷത്തോളം തീർഥാടകർ ഉംറ നിർവഹിക്കാനെത്തുമെന്നാണ് പ്രതീക്ഷ. അതിനാൽ തന്നെ വൻ ക്രമീകരണങ്ങളാണ് മക്കയിലെ ഹറാം പള്ളിയിൽ ഒരുക്കുന്നത്. റമദാനിലേക്കുള്ള ഉംറ പെർമിറ്റുകൾ നുസുക്, തവക്കൽനാ ആപ്പുകൾ വഴി കഴിഞ്ഞ ദിവസം മുതൽ അനുവദിച്ച് തുടങ്ങി. ആദ്യ 20 ദിവസത്തേക്കുള്ള പെർമിറ്റുകളാണ് ഇപ്പോൾ അനുവദിക്കുന്നത്. അവസാന പത്തിലേക്കുള്ള ബുക്കിംഗ് ഇപ്പോൾ ലഭ്യമല്ല. റമദാനിലെ വ്യാഴാഴ്ചകളിൽ തിരക്കുള്ളതായാണ് പെർമിറ്റിന് വേണ്ടി ശ്രമിക്കുമ്പോൾ കാണാൻ സാധിക്കുന്നത്.

സൗദിക്കകത്ത് നിന്നും പുറത്ത് നിന്നും ഉംറക്കെത്തുന്നവർ പെർമിറ്റെടുക്കൽ നിർബന്ധമാണ്. പെർമിറ്റില്ലാതെ ഉംറ നിർവഹിക്കാൻ ശ്രമിച്ചു പിടിക്കപ്പെട്ടാൽ 10,000 റിയാൽ വരെ പിഴ ചുമത്തും. ഉംറ ചെയ്യുന്നതിനും മദീനയിൽ റൌളാ ശരീഫിൽ നമസ്കരിക്കുന്നതിനും മാത്രമേ പെർമിറ്റ് ആവശ്യമുള്ളൂ. തീർഥാടകരുടെ ബാഹുല്യം കണക്കിലെടുത്ത് മക്കയിലെ ഹറാം പള്ളിയിലെ സേവനത്തിനായി പതിമൂവായിരത്തിലധികം ജീവനക്കാരെയാണ് റമദാനിലേക്ക് മാത്രമായി നിയോഗിച്ചത്. ഇതിന് പുറമെ രണ്ട് ലക്ഷത്തോളം വളണ്ടിയർമാരും സേവനമനുഷ്ഠിക്കും.

മക്ക മദീന ഹറമുകളിൽ വിശ്വാസികളെത്തുന്നത് മുതൽ പിരിഞ്ഞ് പോകുന്നത് വരെയുള്ള എല്ലാ കർമ്മങ്ങളും അനായാസം ചെയ്യാനാകും വിധമുള്ള വൻ പദ്ധതിയാണ് ഇരുഹറം കാര്യാലയം നടപ്പിലാക്കുന്നത്. രോഗികളും വൃദ്ധരുമായ ആളുകൾക്ക് വേണ്ടി ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണവും ഉയർത്തിയിട്ടുണ്ട്. ഏകേദശം മണിക്കൂറിൽ 1,07,000 പേർക്ക് ത്വവാഫ് ചെയ്യാനാകും വിധമുള്ള സൌകര്യങ്ങളുണ്ട്. അവസാനത്തെ പത്തിൽ വിശുദ്ധ ഹറമിൽ ഇഅ്തികാഫിരിക്കുന്നവർക്ക് മുഴുസമയവും സേവനം നൽകാനായി നൂറോളം ഡോക്ടർമാരെയും നിയമിക്കും. ഇഅ്തികാഫിരിക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പ്രത്യേകം പെർമിറ്റ് നേടേണ്ടതാണെന്ന് ഇരുഹറം കാര്യാലയം അറിയിച്ചു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News