ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ എയര്‍ ബബ്ള്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു

ബഹ്‌റൈനില്‍നിന്ന് കോഴിക്കോട് വഴി മുംബൈയിലേക്ക് മാസത്തില്‍ രണ്ട് സര്‍വീസ് നടത്തിയിരുന്നത് വ്യാഴം, ഞായര്‍ ദിവസങ്ങളിലായി ആഴ്ചയില്‍ രണ്ട് എന്ന രീതിയില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്ന് അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടില്ല.

Update: 2021-08-29 17:26 GMT
Advertising

ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ എയര്‍ ബബ്ള്‍ പ്രകാരമുള്ള വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു. സെപ്റ്റംബര്‍ 15 മുതല്‍ ദിവസവും ബഹ്‌റൈനിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകളുണ്ടാകും. പുതിയ സര്‍വീസുകള്‍ക്കുള്ള ബുക്കിങ് എയര്‍ലൈന്‍സുകള്‍ ആരംഭിച്ചു. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ ഡല്‍ഹിയില്‍നിന്ന് ബഹ്‌റൈനിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ നടത്തിയിരുന്നത് ഇനിമുതല്‍ നാലായി വര്‍ധിക്കും. ഹൈദരാബാദില്‍നിന്ന് ഒരു സര്‍വീസ് നടത്തിയിരുന്നത് രണ്ടായും വര്‍ധിപ്പിച്ചു. ബംഗളൂരുവില്‍നിന്ന് കൊച്ചി വഴി ബഹ്‌റൈനിലേക്ക് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പുതിയ സര്‍വീസ് ആരംഭിച്ചു.

ബഹ്‌റൈനില്‍നിന്ന് കോഴിക്കോട് വഴി മുംബൈയിലേക്ക് മാസത്തില്‍ രണ്ട് സര്‍വീസ് നടത്തിയിരുന്നത് വ്യാഴം, ഞായര്‍ ദിവസങ്ങളിലായി ആഴ്ചയില്‍ രണ്ട് എന്ന രീതിയില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്ന് അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടില്ല. എയര്‍ ഇന്ത്യ ബംഗളൂരുവില്‍നിന്ന് കൊച്ചി വഴിയുള്ള സര്‍വീസ് ആരംഭിച്ചതുമാത്രമാണ് കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അധികമായി ലഭിക്കുന്ന സര്‍വീസ്. തിരുവനന്തപുരത്തുനിന്ന് അധിക സര്‍വീസ് നടത്തുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് സൂചന. ഒക്ടോബര്‍ 30 വരെയുള്ള ഷെഡ്യൂളാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 13നു ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ എയര്‍ ബബ്ള്‍ പ്രകാരമുള്ള വിമാന സര്‍വീസ് ആരംഭിച്ചതനുസരിച്ച് ഗള്‍ഫ് എയറിനും എയര്‍ ഇന്ത്യ/എയര്‍ ഇന്ത്യ എക്‌സ്പ്രസിനും ദിവസവും ഒരു സര്‍വീസ് നടത്താനായിരുന്നു അനുമതി. തുടക്കത്തില്‍ ആഴ്ചയില്‍ 650 യാത്രക്കാരെ കൊണ്ടുവരാനാണ് അനുവദിച്ചിരുന്നത്. ഇനി മുതല്‍ ആഴ്ചയില്‍ 1100ഓളം യാത്രക്കാരെ കൊണ്ടുവരാന്‍ കഴിയും. കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത് ഇന്ത്യയില്‍നിന്ന് ബഹ്‌റൈനിലേക്ക് വരാന്‍ കാത്തിരിക്കുന്നവര്‍ക്ക് ആശ്വാസമാകും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News