ബഹ്റൈനിൽ പാക്​സ്​ലോവിഡ്​ ഉപയോഗത്തിന്​ അനുമതി

Update: 2022-02-24 12:11 GMT
Advertising

ബഹ്റൈനിൽ 18 വയസ്സിന്​ മുകളിലുള്ള കോവിഡ്​ രോഗികൾക്ക്​ പാക്​സ്​ലോവിഡ്​ ഗുളിക ഉപയോഗിക്കുന്നത്​ നിയമ വിധേയമാക്കിയതായി ബി.ഡി.എഫ്​ ഹോസ്​പിറ്റൽ കൺസൾട്ടന്‍റും കോവിഡ്​ പ്രതിരോധ മെഡിക്കൽ ടീം അംഗവുമായ ഡോ. മനാഫ്​ അൽ ഖഹ്​താനി വ്യക്​തമാക്കി.

ഇതനുസരിച്ച്​ പാക്​സ്​ലോവിഡ്​ മരുന്ന്​ ചികിത്സക്കായി ഉപയോഗിക്കുന്ന ആദ്യ രാജ്യങ്ങളുടെ പട്ടികയിൽ ബഹ്​റൈൻ ഇടം പിടിച്ചു. ശാസ്​ത്രീയ പഠനങ്ങൾ പ്രകാരം കോവിഡ്​ വന്നവർക്ക്​ അത്​ ഗുരുതരമാകാതിരിക്കാനും മരണത്തിലേക്ക്​ നയിക്കാതിരിക്കാനും സാധ്യത നൽകുന്ന ഔഷധമാണിതെന്ന്​ അദ്ദേഹം വിശദീകരിച്ചു.

രണ്ട്​ തരം ഔഷധങ്ങളാണ്​ നിലവിൽ കോവിഡ്​ പ്രതിരോധത്തിനായി ബഹ്​റൈനിൽ ഉപയോഗിക്കുന്നത്​. ഇതിലൊന്ന്​ നിലവിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സോട്രോവിമാബ് ആണ്​. ഇത്​ ഞരമ്പിലൂടെ രോഗിക്ക്​ കുത്തിവെക്കുകയാണ്​ ചെയ്യുന്നത്​. ഇത്​ 12 വയസ്സിന്​ മുകളിലുള്ള കുട്ടികൾക്കും 40 കിലോയിലധികം തൂക്കമുള്ളവർക്കും ഉപയോഗിക്കാൻ കഴിയും.

ഇപ്പോൾ അനുമതി നൽകിയിട്ടുള്ള പാക്​സ്​ലോവിഡ്​ വായിലൂടെ കഴിക്കുന്ന മരുന്നാണെന്നും അദ്ദേഹം വ്യക്​തമാക്കി. ജനങ്ങളുടെ സുരക്ഷിതത്വവും ആരോഗ്യവും ശക്​തിപ്പെടുത്തുന്നതിന്​ വിവിധ മാർഗങ്ങൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നതിന്‍റെ ഭാഗമാണ്​ പുതിയ മരുന്നുകളുടെ ഉപയോഗ അനുമതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.   

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News