'രാജ്യത്തിനായി ജീവൻ വെടിഞ്ഞവരുടെ ത്യാഗം വരുംതലമുറകൾക്ക് പ്രചോദനമാണ്'; രക്തസാക്ഷി ദിനം ആചരിച്ച് ബഹ്റൈൻ
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സാഖിർ പാലസിലായിരുന്നു ചടങ്ങുകൾ
മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യം രക്തസാക്ഷി ദിനം ആചരിച്ചു. ബഹ്റൈന്റെ സുരക്ഷക്കും പരമാധികാരത്തിനും വേണ്ടി ജീവത്യാഗം ചെയ്ത ധീര സൈനികരുടെ ഓർമ പുതുക്കുന്നതായിരുന്നു ചടങ്ങ്. സൈനികവും മാനുഷികവുമായ ദൗത്യങ്ങൾക്കിടയിൽ ബഹ്റൈന് വേണ്ടി ജീവൻ വെടിഞ്ഞ മനുഷ്യരുടെ ത്യാഗം വരുംതലമുറകൾക്ക് എന്നും പ്രചോദനമാണെന്ന് ഹമദ് രാജാവ് ഓർമിപ്പിച്ചു.
രാജ്യത്തിന്റെ സുരക്ഷക്കും പരമാധികാരത്തിനും വേണ്ടി ജീവത്യാഗം ചെയ്ത ധീര സൈനികരുടെ ഓർമ പുതുക്കുന്ന രക്തസാക്ഷി ദിനത്തിലായിരുന്നു രാജാവിന്റെ സന്ദേശം. രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി സാഖിർ പാലസിൽ ഹമദ് രാജാവിന്റെ നേതൃത്വത്തിൽ ഔദ്യോഗിക ചടങ്ങുകൾ നടന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ൽ ഖലീഫയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
ബഹ്റൈൻ ഡിഫൻസ് ഫോഴ്സ്, ആഭ്യന്തര മന്ത്രാലയം, നാഷനൽ ഗാർഡ്, നാഷണൽ ഇന്റലിജൻസ് ഏജൻസി തുടങ്ങി എല്ലാ സുരക്ഷാവിഭാഗങ്ങളിലും സേവനമനുഷ്ഠിക്കവെ വീരമൃത്യു വരിച്ചവരെ ആദരിക്കുന്നതായി ഹമദ് രാജാവ് ഔദ്യാഗികമായി പ്രഖ്യാപിച്ചു. രക്തസാക്ഷികൾക്കായി ഒരു മിനിറ്റ് മൗനം ആചരിക്കുകയും ആദരസൂചകമായി പീരങ്കി വെടി മുഴക്കുകയും ചെയ്തു. ശേഷം റോയൽ ബഹ്റൈൻ എയർഫോഴ്സിന്റെ യുദ്ധവിമാനങ്ങൾ ആകാശത്ത് ഫ്ലൈപാസ്റ്റ് നടത്തി ആദരമർപ്പിച്ചു. പ്രഭാഷകൻ ശൈഖ് അദ്നാൻ അൽ ഖത്താൻ രക്തസാക്ഷികൾക്കായി പ്രത്യേക പ്രാർഥന നടത്തി.