കേരളത്തിലെ വ്യാജ സർട്ടിഫിക്കറ്റ് മാഫിയ ബഹ്റൈൻ പാർലമെന്റിലും ചർച്ചയാകുന്നു
ആധികാരികത പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് ആവശ്യം
മനാമ: കേരളത്തിലെ വ്യാജ സർട്ടിഫിക്കറ്റ് മാഫിയ ബഹ്റൈൻ പാർലമെന്റിലും ചർച്ചയാകുന്നു. ഇതോടെ ഇന്ത്യയിൽ നിന്നുള്ള വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ വിശ്വാസ്യതയെ ചൊല്ലി ബഹ്റൈനിലും ഗൗരവകരമായ ചർച്ചകൾ നടക്കുകയാണ്. സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാനായി പ്രത്യേക സർക്കാർ സമിതി രൂപീകരിക്കണമെന്ന് പാർലമെന്റിൽ ആവശ്യം ഉയർന്നു.
ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കണമെന്ന അടിയന്തര പ്രമേയത്തിന്മേൽ ബഹ്റൈൻ പാർലമെന്റ് ചർച്ചയ്‌ക്കൊരുങ്ങുന്നു. വ്യാജ അക്കാദമിക് യോഗ്യതകളുമായി എത്തുന്നവർ ബഹ്റൈൻ തൊഴിൽ വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കകൾ വർധിച്ച പശ്ചാത്തലത്തിലാണ് പുതിയ നീക്കം. അഞ്ച് എംപിമാരുടെ നേതൃത്വത്തിലാണ് ഈ നിർദേശം പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഈ മാസം ആദ്യം കേരള പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യാജ സർട്ടിഫിക്കറ്റ് മാഫിയ പിടിയിലായിരുന്നു. അന്വേഷണത്തിൽ, ഏകദേശം 22 സർവകലാശാലകളുമായി ബന്ധപ്പെട്ട് ഒരു ലക്ഷത്തിനടുത്ത് വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. പത്ത് ലക്ഷത്തിലധികം ആളുകൾക്ക് ഇത്തരം വ്യാജ അക്കാദമിക് യോഗ്യതകൾ വിതരണം ചെയ്തതായി സംശയിക്കുന്നതായും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.
ഈ പശ്ചാത്തലത്തിൽ, ഇന്ത്യയിൽ നിന്നുള്ള വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ഗൾഫ് രാജ്യങ്ങളിൽ ജോലി നേടാൻ ശ്രമിക്കുന്നവരുടെ എണ്ണം വർധിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ബഹ്റൈൻ ഇത്തരമൊരു നടപടിക്ക് തയ്യാറെടുക്കുന്നത്. ബഹ്റൈൻറെ തൊഴിൽ മേഖലയിലെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിന് ശക്തമായ പരിശോധന സംവിധാനങ്ങൾ അനിവാര്യമാണെന്ന് എംപിമാർ പാർലമെന്റിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നിന്നുള്ള വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾക്ക് സർക്കാർ നേതൃത്വത്തിലുള്ള പ്രത്യേക പരിശോധന സമിതി അടിയന്തിരമായി വേണമെന്ന ആവശ്യമാണ് അവർ മുന്നോട്ടുവെക്കുന്നത്.