മു​ഹ​റ​ഖ്-അ​റാ​ദ് പാലം; ആ​വ​ശ്യം ശ​ക്ത​മാ​ക്കി മു​ഹ​റ​ഖ് മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ

പദ്ധതി നടപ്പിലായാൽ പ്രദേശത്തെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രമാകും

Update: 2025-12-18 17:39 GMT
Editor : Thameem CP | By : Web Desk

മനാമ: മുഹറഖിനെയും അറാദിനെയും തമ്മിൽ നേരിട്ട് ബന്ധിപ്പിക്കുന്ന പാലം ഉടൻ നിർമിക്കണമെന്ന ആവശ്യം ശക്തമാക്കി മുഹറഖ് മുനിസിപ്പൽ കൗൺസിൽ. പ്രദേശത്തെ കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ കടൽപ്പാലം പൂർത്തിയാക്കണമെന്ന നിലപാടിലാണ് കൗൺസിൽ അംഗങ്ങൾ. മുഹറഖിലെയും അറാദിലെയും ജനസാന്ദ്രത വർധിച്ചതായും അതുകൊണ്ട് തന്നെ റോഡുകളിൽ അനുഭവപ്പെടുന്ന അമിതമായ തിരക്ക് ഒഴിവാക്കാനുള്ള മാർഗമെന്ന നിലയിലുമാണ് പാലം എന്ന ആവശ്യം ശക്തമാകുന്നത്. പാലം പൂർത്തിയായാൽ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രയുൾപ്പെടെയുള്ള കാര്യങ്ങൾ കൂടുതൽ സുഗമമാകും. ഇതിനുപുറമേ പദ്ധതി നടപ്പിലായാൽ വിനോദസഞ്ചാര മേഖലക്കും വാണിജ്യ സ്ഥാപനങ്ങൾക്കും കൂടുതൽ ഊർജമേകും

Advertising
Advertising

ഏകദേശം 12 ദശലക്ഷം ദിനാർ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് മുഹറഖ്- അറാദ് പാലം. വർഷങ്ങളായി പാലം വേണമെന്ന ആവശ്യം ചർച്ചയിലുണ്ടെങ്കിലും ഇതുവരെ പദ്ധതി യാഥാർഥ്യമായിട്ടില്ലെന്ന് മുനിസിപ്പൽ കൗൺസിൽ വൈസ് ചെയർമാൻ സ്വാലിഹ് ബുഹാസ കുറ്റപ്പെടുത്തി. ഈ പദ്ധതി ഉടൻ നടപ്പിൽ വരണമെന്നും അതിനുള്ള പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നഅ്ർ പറഞ്ഞു. മുഹറഖിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ ഈ പദ്ധതി വലിയൊരു വിപ്ലവം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുമരാമത്ത് വകുപ്പുമായി സഹകരിച്ച് പാലത്തിന്റെ രൂപരേഖകൾ തയ്യാറാക്കാനും സാങ്കേതിക പഠനങ്ങൾ വേഗത്തിലാക്കാനും കൗൺസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട വിശദമായ നിർദേശം അധികാരികൾക്ക് കൈമാറാനാണ് കൗൺസിലിന്റെ തീരുമാനം

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News