ഓംചേരി എൻ.എൻ പിള്ളയ്ക്ക് ബഹ്‌റൈൻ കേരളീയ സമാജം അവാർഡ്

എം. മുകുന്ദൻ അധ്യക്ഷനായുള്ള ജൂറിയാണ് ഓംചേരിയെ അവാർഡിനായി തിരഞ്ഞെടുത്തത്

Update: 2021-07-08 19:40 GMT
Editor : Shaheer | By : Web Desk
Advertising

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ സാഹിത്യ പുരസ്‌കാരം ഓംചേരി എൻ.എൻ പിള്ളയ്ക്ക്. മലയാള സാഹിത്യത്തിനും ഭാഷയ്ക്കും നൽകിയ സമഗ്രസംഭാവനകൾ മുൻനിർത്തിയാണ് പുരസ്‌കാരം. എം. മുകുന്ദൻ അധ്യക്ഷനായുള്ള ജൂറിയാണ് ഓംചേരി എൻഎൻ പിള്ളയെ അവാർഡിനായി തിരഞ്ഞെടുത്തത്. 50,000 രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങിയതാണ് പുരസ്‌കാരം. പുരസ്‌കാരദാന ചടങ്ങ് ഡൽഹിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിക്കുമെന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള അറിയിച്ചു.

കോട്ടയം വൈക്കം സ്വദേശിയാണ് ഓംചേരി. ഡൽഹി ആകാശവാണിയിൽ സേവനമനുഷ്ഠിച്ച ഓംചേരി നാടകം, നോവൽ, ചെറുകഥാ വിഭാഗങ്ങളിലൂടെയാണ് സാഹിത്യ മേഖലയിൽ ശ്രദ്ധ നേടുന്നത്. എം.ടി വാസുദേവൻ നായർ, ഒ.എൻ.വി, എം. മുകുന്ദൻ, ടി. പത്മനാഭൻ, എം.കെ സാനു, കെ.ജി ശങ്കരപ്പിള്ള, കാവാലം നാരായണപ്പണിക്കർ, സക്കറിയ, പ്രഭാവർമ്മ എന്നിവരാണ് മുൻപ് ബഹ്‌റൈൻ കേരളീയ സമാജം പുരസ്‌കാരം നേടിയവർ.

എം. മുകുന്ദനു പുറമെ ഡോ. കെ.എസ് രവികുമാർ, ഡോ. വി.പി ജോയ്, പി.വി രാധാകൃഷ്ണപിള്ള എന്നിവരും ജൂറി അംഗങ്ങളാണ്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News