ഏറ്റവും മികച്ച പുതിയ എയർപോർട്ടിനുള്ള അംഗീകാരം ബഹ്റൈൻ വിമാനത്താവളത്തിന്

പാരീസിൽ നടന്ന പാസഞ്ചർ ടെർമിനൽ എക്സ്പോയിലായിരുന്നു പുരസ്കാര പ്രഖ്യാപനം

Update: 2022-06-18 18:58 GMT
Editor : ijas

മനാമ: ലോകത്തിലെ ഏറ്റവും മികച്ച പുതിയ വിമാനത്താവളത്തിനുള്ള അംഗീകാരം നേടി ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളങ്ങളുടെ നിലവാരം വിലയിരുത്തുന്ന സ്കൈ ട്രാക്സ് ഇന്‍റർനാഷണലാണ് പദവി നൽകിയത്. ലോകോത്തര നിലവാരത്തിലുള്ള അത്യാധുനിക സജ്ജീകരണങ്ങളും സംവിധാനങ്ങളും, യാത്രക്കാരോട് ഏറെ ഹ്യദ്യമായ പെരുമാറ്റവും ഉപചാര മര്യാദകളും, ഒപ്പം ശുചിത്വ പരിപാലനത്തിലെ ഉന്നത നിലവാരവും, വിവിധ തലത്തിലുള്ള മികവ് പരിഗണിച്ചാണ് ഏറ്റവും മികച്ച പുതിയ വിമാനത്താവളത്തിനുള്ള ഈ വർഷത്തെ സ്കൈ ട്രാക്സ് പുരസ്കാരം ബഹ്റൈൻ എയർപോർട്ട് കരസ്ഥമാക്കിയത്. പാരീസിൽ നടന്ന പാസഞ്ചർ ടെർമിനൽ എക്സ്പോയിലായിരുന്നു പുരസ്കാര പ്രഖ്യാപനം. ലോകത്തെ മികച്ച എയർപോർട്ടുകളും അനുബന്ധ സൗകര്യങ്ങളും വിലയിരുത്തി വർഷാന്ത്യം നക്ഷത്ര പദവി നൽകുന്ന ഏജൻസിയാണ് സ്കൈ ട്രാക്സ്.

Advertising
Advertising

അംഗീകാരങ്ങളുടെ നിറവിൽ ബഹ്റൈനെ ലോകത്തിൻ്റെ നെറുകയിലെത്തിക്കാൻ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ചവരെ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ ഹിസ് ഹൈനസ് പ്രിൻസ് സൽ മാൻ ബിൻ ഹമദ് അൽ ഖലീഫ അനുമോദിച്ചു. കഴിഞ്ഞ ഡിസംബറിൽ വിമാനത്താവളങ്ങളുടെ സ്കൈട്രാക്സ് അന്താരാഷ്ട്ര റാങ്കിംഗിൽ ബഹ്റൈൻ എയർപോർട്ട് പഞ്ചനക്ഷത്ര പദവി നേടിയിരുന്നു. വിമാനത്താവളത്തിലെ ദിപേൾ ലോഞ്ചിനെയും ഈയിടെ അന്താരാഷ്ട്ര അംഗീകാരം തേടിയെത്തി. ഏറ്റവും കൂടുതൽ ശുചിത്വമുള്ള ലോകത്തെ ആദ്യ അഞ്ച് ശതമാനം എയർപോർട്ടുകളുടെ പട്ടികയിലും ബഹ്റൈൻ വിമാനത്താവളം ഇടം പിടിച്ചു നിർണിത നിബന്ധനകളും സൗകര്യങ്ങളും ഏർപ്പെടുത്തുന്നതിൽ പുതിയ വിമാനത്താവളമെന്ന നിലക്ക് ബഹ്റൈൻ എയർപോർട്ട് കൈവരിച്ച നേട്ടങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ അംഗീകാരത്തിൻ്റെ പൊൻ തിളക്കം.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News