'തമോദ്വാരം' നോവല്‍ പ്രകാശനം ചെയ്തു

Update: 2022-04-24 10:54 GMT
Advertising

ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ വിഭാഗം സുധീഷ് രാഘവന്റെ 'തമോദ്വാരം' എന്ന നോവലിന്റെ പ്രകാശനം സംഘടിപ്പിച്ചു. സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള അധ്യക്ഷനായി. 'തമോദ്വാര'ത്തിന്റെ വായന ഭൂതകാലത്തിലേക്കുള്ള യാത്രാപേടകമായി മാറിയെന്നും പഴയകാലത്തെ പല തരത്തില്‍ ഓര്‍മപ്പെടുത്തുന്ന സര്‍ഗാത്മക സൃഷ്ടിയാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇ.എ സലീം പുസ്തകം പരിചയപ്പെടുത്തി. ഒരു അംബേദ്കറിസ്റ്റ് കാഴ്ചപ്പാടില്‍നിന്ന് എഴുതപ്പെട്ട ഈ നോവല്‍ തീര്‍ച്ചയായും ചര്‍ച്ചചെയ്യപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പലതരം മാര്‍ക്കറ്റിങ് തന്ത്രങ്ങളിലൂടെ വലിയതോതില്‍ ഹൈപ്പ് സൃഷ്ടിച്ച് വായനക്കാരിലെത്തുന്ന പല പുസ്തകങ്ങളും നിരാശപ്പെടുത്തുന്ന ഇക്കാലത്ത് താമോദ്വാരം ഒരാശ്വാസമാണെന്ന് ആശംസകളര്‍പ്പിച്ചു സംസാരിച്ച എന്‍.പി ബഷീര്‍ പറഞ്ഞു.

അധഃസ്ഥിത ജനവിഭാഗങ്ങളുടെ ശബ്ദമായി മാറുന്ന നോവല്‍ ഭൂതകാലത്തിലേക്കുള്ള ഒരു റഫറന്‍സ് കൂടെയാണെന്ന് ഷബനി വാസുദേവ് അഭിപ്രായപ്പെട്ടു. തുടര്‍ന്ന് സജി മാര്‍ക്കോസ്, ജയചന്ദ്രന്‍ എന്നിവരും സംസാരിച്ചു.

നോവലിസ്റ്റ് സുധീഷ് രാഘവന്‍ മറുപടി പ്രസംഗം നടത്തി. സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര സ്വാഗതവും അനഘ രാജീവന്‍ നന്ദിയും പറഞ്ഞു. വിജിന സന്തോഷ്, മനോജ് സദ്ഗമയ, വിനോദ് ജോണ്‍ എന്നിവര്‍ ഏകോപനം നിര്‍വഹിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News