രാജ്യപുരോഗതിയില്‍ സ്ത്രീയുടെ പങ്ക് അടയാളപ്പെടുത്തണം: ആനി രാജ

Update: 2022-03-15 14:07 GMT
Advertising

പുതിയ കാലഘട്ടത്തിലും രാജ്യപുരോഗതിയില്‍ സ്ത്രീയുടെ പങ്ക് അടയാളപ്പെടുത്തുന്ന ഒന്നും മാറിമാറി വന്ന ഭരണകൂടങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്ന് ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ പറഞ്ഞു. പ്രവാസി വെല്‍ഫയര്‍ ബഹ്‌റൈന്‍ സംഘടിപ്പിച്ച സ്ത്രീ സുരക്ഷയും അവകാശങ്ങളും വെബിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. രാജ്യത്ത് പിറന്നുവീഴുന്നതിനുള്ള അവകാശത്തിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് ഇന്നും സ്ത്രീസമൂഹം. തുല്യത എന്നത് അലങ്കാരത്തിന് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. ജനസംഖ്യയുടെ പകുതിയിലധികം വരുന്ന സ്ത്രീ സമൂഹത്തിന്റെ നിയമനിര്‍മ്മാണ സഭകളിലെ പ്രാതിനിധ്യം വെറും 14 ശതമാനം മാത്രമാണെന്നും രാജ്യപുരോഗതിയില്‍ സ്ത്രീയുടെ പങ്ക് അടയാളപ്പെടുത്തണമെന്നും അവർ അഭിപ്രായപ്പെട്ടു.

മുസ്ലിം യുവതികള്‍ വ്യത്യസ്ത മേഖലകളില്‍ കൈവരിച്ച ശാക്തീകരണ പ്രക്രിയകളെ പിന്നോട്ടടിക്കാനും വിദ്യാര്‍ത്ഥികളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാനും ലക്ഷ്യമിട്ടുള്ള വിദ്വേഷത്തിലധിഷ്ഠിതമായ മനുഷ്യാവകാശ ലംഘനമാണ് നിലവിലെ ഹിജാബ് നിരോധത്തിലൂടെ ഭരണകൂടം നടത്തുന്നതെന്ന് വിശിഷ്ടാതിഥിയായി പങ്കെടുത്ത ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാന്‍ പറഞ്ഞു. യൂണിഫോമിറ്റിയുടെയും ക്രമസമാധാനത്തിന്റെയും പേരില്‍ അവരെ അപമാനിക്കുകയാണ്. വിദ്യാഭ്യാസം, വിശ്വാസം എന്നീ രണ്ട് മൗലികാവകാശങ്ങളില്‍ ഏതെങ്കിലും ഒന്ന് മാത്രം തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതമാക്കപ്പെടുന്ന, അത്യന്തം നിര്‍ണായകവും നിര്‍ഭാഗ്യകരവുമായ അവസ്ഥയിലാണ് നിലവില്‍ മുസ്ലിം വിദ്യാര്‍ത്ഥിനികളെന്ന് അവര്‍ പറഞ്ഞു.

ലിംഗപരമായ തൊഴില്‍ വിഭജനം മാറേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ സാമൂഹിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഷെമിലി പി. ജോണ്‍ പറഞ്ഞു. സ്ത്രീകള്‍ സ്വയം കമ്പോളമാകാതെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ മുന്നോട്ട് വരണമെന്ന് തുടര്‍ന്ന് സംസാരിച്ച ഫ്രന്റ്‌സ് ബഹ്‌റൈന്‍ സെക്രട്ടറി നദീറ ഷാജി പറഞ്ഞു. സമയോചിതമായി ധീരതയോടെ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുക സ്ത്രീ സമൂഹത്തിനാണെന്നതിനാല്‍ അവരുടെ അവകാശങ്ങള്‍ ചോദിച്ച് വങ്ങാനും അവര്‍ക്ക് കഴിയണമെന്ന് തുടര്‍ന്ന് സംസാരിച്ച വേള്‍ഡ് മലയാളി ഫെഡറേഷന്‍ ബഹ്‌റൈന്‍ വനിതാ വിഭാഗം ഹെഡ് മിനി മാത്യു പറഞ്ഞു. രഞ്ജി സത്യന്‍, സിനിമ പിന്നണി ഗായിക പ്രസീത മനോജ് എന്നിവരും സംസാരിച്ചു.

ഷിജിന ആഷിക് നിയന്ത്രിച്ച വെബിനാറില്‍ പ്രവാസി വെല്‍ഫെയര്‍ സെക്രട്ടറി റഷീദ സുബൈര്‍ സ്വാഗതവും ഹസീബ ഉപസംഹാരവും നടത്തി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News