ഗസ്സ ആക്രമണം; ഖത്തറിന്റെ ഇടപെടലുകളെ പ്രശംസിച്ച് നെതർലൻഡ്സ്

നെതര്‍ലൻഡ്സ് പ്രധാനമന്ത്രി മാര്‍ക് റൂട്ടുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ സാധാരണക്കാര്‍ക്ക് നേരെ എല്ലാ തരത്തിലുമുള്ള ആക്രമണങ്ങളെയും അമീര്‍ അപലപിച്ചു.

Update: 2023-10-19 17:25 GMT
Advertising

ദോഹ: ഗസ്സയിലെ ഇസ്രായേല്‍ ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ നെതര്‍ലൻഡ്സ് പ്രധാനമന്ത്രി ഖത്തര്‍ അമീറുമായി ഫോണില്‍ സംസാരിച്ചു. വിഷയത്തില്‍ ഖത്തറിന്റെ ഇടപെടലുകളെ അദ്ദേഹം പ്രശംസിച്ചു. ഗസ്സയ്ക്ക് ഉടന്‍ മാനുഷിക സഹായമെത്തിക്കണമെന്ന് അമീറിന്റെ മാതാവും ഖത്തര്‍ ഫൌണ്ടേഷന്‍ ചെയര്‍പേഴ്സണുമായ ശൈഖ മൗസ ആവശ്യപ്പെട്ടു. 

നെതര്‍ലൻഡ്സ് പ്രധാനമന്ത്രി മാര്‍ക് റൂട്ടുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ സാധാരണക്കാര്‍ക്ക് നേരെ എല്ലാ തരത്തിലുമുള്ള ആക്രമണങ്ങളെയും അമീര്‍ അപലപിച്ചു. സംഘര്‍ഷത്തിന്റെ വ്യാപ്തി കുറക്കുന്നതിനുള്ള ഇടപെടലുകള്‍ ചര്‍ച്ചയായി. ഗസ്സയ്ക്ക് അടിയന്തര മാനുഷിക സഹായം എത്തിക്കുന്നതിനും സംഘര്‍ഷം മേഖലയൊന്നാകെ വ്യാപിക്കാതിരിക്കാനുമുള്ള നട‌പടികള്‍ ഉടന്‍ സ്വീകരിക്കേണ്ടതുണ്ടെന്നും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പറഞ്ഞു.

ഖത്തര്‍ നടത്തുന്ന നയതന്ത്ര ഇടപെടലുകളെ നെതര്‍ലൻഡ്സ് പ്രശംസിച്ചു. അല്‍ അഹ്ലി കൂട്ടക്കൊലയ്ക്കെതിരെ അമീറിന്റെ മാതാവും ഖത്തര്‍ ഫൗണ്ടേഷന്‍, എജ്യുക്കേഷന്‍ എബൗ ആള്‍ ഫൗണ്ടേഷനുകളുടെ ചെയര്‍പേഴ്സണുമായ ശൈഖ മൗസ രംഗത്തെത്തി. മാനവരാശിക്ക് നാണക്കേട‌ുണ്ടാക്കുന്ന സംഭവമാണ് അല്‍ അഹ്ലിയില്‍ നട‌ന്നതെന്ന് മരിച്ചുകിടക്കുന്ന കുഞ്ഞുങ്ങളുട‌െ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ശൈഖ് മൗസ പറഞ്ഞു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News