ഇന്ത്യക്കാർക്ക് വീണ്ടും ഉംറയ്ക്ക് അനുമതി

സൗദി അംഗീകൃത വാക്‌സിനെടുക്കാത്തവർക്ക് നിർബന്ധിത ക്വാറന്റൈൻ വേണം

Update: 2021-12-07 17:22 GMT
Editor : dibin | By : Web Desk
Advertising

സൗദിയിലേക്ക് നേരിട്ട് ഇന്ത്യക്കാർക്ക് ഉംറ വിസകൾ അനുവദിച്ചു തുടങ്ങി. 12 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കെല്ലാം ഉംറക്കായി എത്താം. സൗദി അംഗീകൃത വാക്സിൻ ഡോസുകൾ പൂർത്തിയാക്കാത്തവർക്ക് മാത്രം മൂന്ന് ദിവസം നിർബന്ധിത ക്വാറന്‍റൈനുണ്ടാകും. കോവിഡ് കാലത്തിന് ശേഷം ആദ്യമായാണ് ഉംറ വിസകൾ അനുവദിക്കുന്നത്.

കോവിഡിന് ശേഷം ഇന്നാണ് ആദ്യമായി ഇന്ത്യയിലേക്കുള്ളവർക്ക് ഉംറ വിസ ഇഷ്യൂ ചെയ്തത്. രണ്ടു രൂപത്തിലാണ് സൗദി അംഗീകൃത വാക്സിൻ സ്വീകരിച്ചവർക്ക് ഉംറക്ക് അനുമതി. ഫൈസർ, കോവിഷീൽഡ്, മോഡേണ എന്നിവയുടെ രണ്ട് ഡോസോ, ജോൺസൺ ആന്‍റ് ജോൺസണിന്‍റെ ഒരു ഡോസോ എടുത്തവർക്ക് ക്വാറന്‍റൈൻ ഇല്ലാതെ ഉംറക്കെത്താം. സിനോഫാമോ സിനോവാകോ സ്വീകരിച്ചവരാണെങ്കിൽ മുകളിൽ പറഞ്ഞവയിൽ ഏതെങ്കിലുമൊരു വാക്സിന്‍റെ ഒരു ഡോസ് ബൂസ്റ്റായി സ്വീകരിക്കാം. ഇത്രയും പാലിച്ചാൽ ജിദ്ദയിലേക്ക് നേരെ ഉംറ വേഷത്തിലെത്താം. ഇവർക്ക് മക്കയിലേക്ക് ക്വാറന്‍റൈനില്ലാതെ പ്രവേശിക്കുകയും ചെയ്യാം. ഇതാണ് ഒന്നാമത്തെ രീതി.

രണ്ടാമത്തേത് സൗദി അംഗീകൃതമല്ലാത്ത വാക്സിൻ സ്വീകരിച്ചവരുടെ കാര്യമാണ്. രണ്ട് ഡോസ്, സിനോഫാം, സിനോവാക്, കോവാക്സിൻ എന്നിവ സ്വീകരിച്ചവരാണെങ്കിൽ ഇവർക്ക് സൗദിയിലെത്തിയാൽ മൂന്ന് ദിന ക്വാറന്‍റൈൻ നിർബന്ധമാണ്. മദീനയിലാണ് ക്വാറന്‍റൈനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇതിനാൽ ജിദ്ദയിലിറങ്ങുന്നവരേയും മദീനയിലേക്ക് മാറ്റും. രണ്ടാം ദിനം നടത്തുന്ന പി.സി.ആർ നെഗറ്റീവ് റിസൾട്ടാണെങ്കിൽ മൂന്നാം ദിനം പുറത്തിറങ്ങി ഉംറക്ക് പോകാം. സ്പുട്നിക് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് അടുത്ത വർഷം ജനുവരി ഒന്നു മുതൽ ക്വാറന്‍റൈൻ ചട്ടം പാലിച്ച് ഉംറക്ക് വരാം. 12 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഉംറക്ക് അനുമതിയുണ്ട്.

ഇന്ത്യയിൽ നിന്നും നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ ചാർട്ടേഡ് വിമാനങ്ങളാകും ആദ്യ ഘട്ടത്തിലുണ്ടാവുക. ഇതിനനുസരിച്ചാകും പാക്കേജ് നിരക്കുകളും. ഉംറ മേഖല കൂടി സജീവമാകുന്നതോടെ വ്യാപാര മേഖലയും സജീവമാകും.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News