കുവൈത്തില്‍ തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കാന്‍ തൊഴിലാളികളുടെ വിരലടയാളം നിര്‍ബന്ധമാക്കുന്നു

പുതിയ തീരുമാനപ്രകാരം തൊഴില്‍ കരാര്‍ റദ്ദാക്കുന്ന വേളയില്‍ തൊഴിലാളി നേരിട്ടെത്തി വിരലടയാളം പതിക്കണം.

Update: 2022-09-06 18:45 GMT

കുവൈത്ത് സിറ്റി: രാജ്യത്ത് തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കാന്‍ തൊഴിലാളികളുടെ വിരലടയാളം നിര്‍ബന്ധമാക്കുന്നു. പുതിയ തീരുമാനപ്രകാരം തൊഴില്‍ കരാര്‍ റദ്ദാക്കുന്ന വേളയില്‍ തൊഴിലാളി നേരിട്ടെത്തി വിരലടയാളം പതിക്കണമെന്ന് മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. സ്വകാര്യമേഖലയിലെയും ഗാര്‍ഹിക മേഖലയിലെയും തൊഴിലാളികള്‍ക്ക് പുതിയ നിര്‍ദേശം ബാധകമാകും.

തൊഴിലാളികളുടെ മുഴുവന്‍ സാമ്പത്തിക കുടിശികയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഒപ്പിന് പകരം വിരലടയാളം നിര്‍ബന്ധമാക്കിയതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. പുതിയ തീരുമാനപ്രകാരം തൊഴില്‍ കരാര്‍ റദ്ദാക്കുന്ന വേളയില്‍ തൊഴിലാളി നേരിട്ടെത്തി വിരലടയാളം പതിക്കണം.

Advertising
Advertising

തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട എല്ലാ ആനുകൂല്യവും ലഭിച്ചു എന്ന് ഉറപ്പാക്കിയ ശേഷമേ തൊഴില്‍ കരാര്‍ റദ്ദാക്കുകയുള്ളൂവെന്നും നിലവിലെ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ തൊഴിലാളിക്ക് ട്രാന്‍സ്ഫറിന് അര്‍ഹതയുണ്ടായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. വിദേശ തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസകരമാണ് പുതിയ നീക്കം. തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നതിനുള്ള അപേക്ഷാ ഫോം അഞ്ച് ഭാഷകളില്‍ മാന്‍പവര്‍ അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

തൊഴില്‍ സംബന്ധിയായ ദൈനംദിന പരാതികള്‍ സ്വീകരിക്കുന്നതിനും തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു മുമ്പുള്ള പ്രത്യേക സംവിധാനം പബ്ലിക് അതോറിറ്റിയുടെ ലേബര്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ പ്രവര്‍ത്തിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി. സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ ശമ്പളം വിതരണം ചെയ്യുന്നതിനായി ഇലക്ട്രോണിക് സംവിധാനം വികസിപ്പിച്ചെടുത്തതായും അത് പരിശോധനാ വകുപ്പിന്റെ പരിഗണനയിലാണെന്നും അധികൃതര്‍ കൂട്ടിചേര്‍ത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News