കുവൈത്തിലെ സ്വകാര്യ മേഖലയിൽ പാർട്ട് ടൈം ജോലി; ലക്ഷ്യം സാമ്പത്തിക ഉണർവ്‌

രാജ്യത്തെ വിദഗ്ധ തൊഴിലാളികളുടെ സേവനം കൂടുതല്‍ കാര്യക്ഷമമായി തൊഴില്‍ മേഖലയില്‍ ഉപയോഗിക്കുവാന്‍ പുതിയ നീക്കത്തിലൂടെ സാധിക്കുമെന്ന് അധികൃതര്‍

Update: 2024-01-03 18:47 GMT
Editor : rishad | By : Web Desk
Advertising

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ മേഖലയില്‍ പാർട്ട് ടൈം ജോലി അനുവദിച്ചത് സാമ്പത്തിക ഉണര്‍വിന് കാരണമാകുമെന്ന് പ്രതീക്ഷ. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദിന്‍റെ നിര്‍ദേശ പ്രകാരമാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും പാർട്ട് ടൈം ജോലി അനുവദിച്ച് ഉത്തരവ് ഇറക്കിയത്.

പാർട്ട് ടൈം ജോലി അനുവദിക്കുന്നതോടെ വിദേശത്തുനിന്ന് പുതിയ റിക്രൂട്ട്മെന്റ് ഒഴിവാക്കുവാനും, രാജ്യത്തിനകത്തുള്ള പ്രവാസികളെ പരമാവധി ഉപയോഗപ്പെടുത്തി തൊഴിലാളികളുടെ അഭാവം നികത്താനും സാധിക്കും. രാജ്യത്തെ വിദഗ്ധ തൊഴിലാളികളുടെ സേവനം കൂടുതല്‍ കാര്യക്ഷമമായി തൊഴില്‍ മേഖലയില്‍ ഉപയോഗിക്കുവാന്‍ പുതിയ നീക്കത്തിലൂടെ സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ചെറുകിട കമ്പനികള്‍ക്കാണ് പുതിയ തീരുമാനം ഏറെ ആശ്വാസമാവുക.

നിലവിലെ സ്പോൺസറിൽനിന്ന് എൻഒസി വാങ്ങണമെന്നതാണ് പ്രധാന നിബന്ധന. തുടര്‍ന്ന് മാനവശേഷി വകുപ്പിൽനിന്ന് പെർമിറ്റ് എടുത്താൽ ദിവസേന പരമാവധി 4 മണിക്കൂർ പാർട്ട് ടൈം ജോലി ചെയ്യാം. തൊഴിൽ വിപണിയിൽ വിദേശി-സ്വദേശി ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുവാനും പുതിയ നിയമത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

എന്നാല്‍ സ്വകാര്യ മേഖലയിൽ പാർട്ട് ടൈം ജോലികൾ അനുവദിക്കുന്നത് ഭാഗികമായ പരിഹാരം മാത്രമാണെന്ന് നിക്ഷേപക കമ്പനികളുടെ യൂണിയൻ മേധാവി സാലിഹ് അൽ സുലാമി പറഞ്ഞു. പുതിയ തീരുമാനം വിപണിയില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് സമഗ്രമായ ഗവേഷണവും പഠനവും നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ട് ടൈം ജോലികൾ അനുവദിക്കാനുള്ള തീരുമാനം കുവൈത്ത് നിക്ഷേപകർക്കും ബിസിനസ് ഉടമകൾക്കും തൊഴിലാളികൾക്കും ഗുണം ചെയ്യുമെന്ന് കോളേജ് ഓഫ് ബിസിനസ് സ്റ്റഡീസിലെ ഫാക്കൽറ്റി അംഗം ഡോ. ഹുസൈൻ ഷേക്കർ അബു അൽ-ഹസ്സൻ പറഞ്ഞു.

പുതിയ തീരുമാനം കമ്പനികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും സ്ഥാപനങ്ങളെ മികച്ച ചിലവ് നിയന്ത്രണത്തിലേക്ക് നയിക്കുകയും ചെയ്യും. ഇതിലൂടെ വരുമാനം വർധിപ്പിക്കുവാനും കഴിയുമെന്ന് അൽ-ഹസ്സൻ പറഞ്ഞു.

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News