കുവൈത്തിലെ മൻഗഫ് തീപിടിത്തം; പ്രതികൾക്ക് താത്കാലിക ഇളവ്

അപ്പീൽ പരിഗണിക്കുന്നതുവരെ തടവ് ശിക്ഷകൾ സ്റ്റേ ചെയ്യാനും പകരം 5,000 കെ.ഡി പിഴ ചുമത്താനും കോടതി ഉത്തരവ്

Update: 2026-01-12 16:18 GMT

കുവൈത്ത് സിറ്റി: കുവൈത്തിലെ മൻഗഫ് തീപിടിത്ത കേസിൽ ഒരു സ്വദേശി പൗരനും നിരവധി പ്രവാസികളും ഉൾപ്പെടെയുള്ള പ്രതികൾക്ക് കാസേഷൻ കോടതിയിൽ നിന്ന് താത്കാലിക ഇളവ് ലഭിച്ചു. അപ്പീൽ പരിഗണിക്കുന്നതുവരെ തടവ് ശിക്ഷകൾ സ്റ്റേ ചെയ്യാനും പകരം 5,000 കെ.ഡി പിഴ ചുമത്താനും കോടതി ഉത്തരവിട്ടു.

അൽ ബദാ കമ്പനി ഡയറക്ടർ മുഹമ്മദ് നാസർ അൽബദാഹിന് വിധിച്ച ഒരു വർഷം കഠിനതടവ് ശിക്ഷയും കാസേഷൻ കോടതി റദ്ദാക്കി. പ്രതിഭാഗം അഭിഭാഷകൻ സുൽത്താൻ ഹമദ് അൽഅജ്മി സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നടപടി.

നിയമത്തിന്റെ തെറ്റായ പ്രയോഗം, കുറ്റാരോപണത്തിലെ പിശകുകൾ, വിധിന്യായത്തിലെ പോരായ്മകൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയതെന്ന് അഭിഭാഷകൻ അറിയിച്ചു.

2024 ജൂണിൽ തൊഴിലാളികളെ പാർപ്പിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മലയാളികൾ ഉൾപ്പെടെ 45 ഇന്ത്യക്കാരും നാല് ഫിലിപ്പീനോ സ്വദേശികളും അടക്കം 49 പേർ മരണപ്പെട്ടിരുന്നു. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News