ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് വേഗത; അറബ് മേഖലയിൽ കുവൈത്തിന് ഒന്നാം സ്ഥാനം

സെക്കൻഡിൽ 106.67 മെഗാബൈറ്റാണ് കുവൈത്തിന്റെ ശരാശരി ഡൗൺലോഡ് വേഗത

Update: 2022-09-14 18:29 GMT

കുവൈത്ത്‍സിറ്റി: ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് വേഗതയിൽ കുവൈത്തിന് അറബ് മേഖലയിൽ ഒന്നാം സ്ഥാനം. ബ്രിട്ടൻ ആസ്ഥാനമായ കേബിൾ വെബ്‌സൈറ്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ കുവൈത്ത് ആഗോളതലത്തിൽ എൺപത്തിരണ്ടാം സ്ഥാനത്താണ്. സെക്കൻഡിൽ 106.67 മെഗാബൈറ്റാണ് കുവൈത്തിന്റെ ശരാശരി ഡൗൺലോഡ് വേഗത.

ഇന്റർനെറ്റ് വേഗതയുടെ കാര്യത്തിൽ കുവൈത്ത് തുടർച്ചയായാണ് ആഗോള റാങ്കിംഗ് സൂചിക ഉയർത്തുന്നത്. 19 അറബ് രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയിൽ മൊബൈൽ ഇന്റർനെറ്റ് വേഗതയിലും ബ്രോഡ്ബാൻഡ് വേഗതയിലും കുവൈത്തിനാണ് ഒന്നാം സ്ഥാനം. അറബ് ലോകത്ത് ഖത്തർ രണ്ടാം സ്ഥാനം നിലനിർത്തിയെങ്കിലും ആഗോളതലത്തിൽ 78-ൽ നിന്ന് 95-ലേക്ക് താഴ്ന്നു. കഴിഞ്ഞ വർഷം 73-ാം സ്ഥാനത്തായിരുന്ന യുഎഇ ആഗോള റാങ്കിംഗിൽ 100-ാം സ്ഥാനത്തേക്കും സൗദി അറേബ്യ 99-ൽ നിന്ന് 101-ാം സ്ഥാനത്തേക്കും ബഹ്റൈൻ 104-ൽ നിന്ന് 111-ാം സ്ഥാനത്തേക്കും താഴ്ന്നു.

Advertising
Advertising

അഞ്ച് ജിബിയുടെ ഹൈ-ഡെഫനിഷൻ മൂവി ഡൗൺലോഡ് ചെയ്തുകൊണ്ടാണ് ശരാശരി ഇന്റർനെറ്റ് വേഗത കണക്കാക്കുന്നത്. ആഗോളതലത്തിൽ ഇന്റർനെറ്റ് വേഗതയിൽ ഗുണപരമായ പുരോഗതിയാണ് ഈ വർഷം രേഖപ്പെടുത്തിയത്. ലോകത്തെ ശരാശരി മൊബൈൽ ഇന്റർനെറ്റ് ഡൗൺലോഡ് വേഗം 34.79 മെഗാ ബൈറ്റ് പെർ സെക്കന്റായി വർധിച്ചതായി കേബിൾ വെബ്‌സൈറ്റിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. സെക്കൻഡിൽ ശരാശരി 262.74 മെഗാബൈറ്റ് ഇന്റർനെറ്റ് വേഗതയുമായി മക്കാവാണ് ആഗോള പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 220 രാജ്യങ്ങളുള്ള പട്ടികയിൽ 0.97 മെഗാബൈറ്റ് വേഗതയുള്ള യമനാണ് ഏറ്റവും അവസാന സ്ഥാനത്തുള്ളത്.

Full View


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News