കുവൈത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നു, ജാഗ്രത പാലിക്കണമെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രാലയം

ഒമിക്രോണ്‍ വ്യാപനം തടയാന്‍ ബൂസ്റ്റര്‍ ഡോസ് വിതരണം ഊര്‍ജിതമാക്കി

Update: 2021-12-27 14:06 GMT
Advertising

കുവൈത്തില്‍ പ്രതിദിന കോവിഡ് സ്ഥിരീകരണത്തില്‍ വലിയ വര്‍ധനവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 24 മണിക്കൂറിനുള്ളില്‍ 240 പുതിയ കേസുകളാണ് കണ്ടെത്തിയത്. ഇതോടെ ആക്റ്റീവ് കോവിഡ് കേസുകള്‍ 1343 ആയി ഉയര്‍ന്നു . 22 പേര്‍ കോവിഡ് വാര്‍ഡുകളിലും 4 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികിത്സയിലാണ് .

അതിനിടെ രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും രാജ്യത്തെ ആരോഗ്യസംവിധാനം മെച്ചപ്പെട്ട അവസ്ഥയില്‍ ആണെന്നും ആരോഗ്യമന്ത്രലായ വക്താവ് ഡോ അബ്ദുല്ല അസ്സനദ് പറഞ്ഞു .

വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തെക്കാള്‍ മൂന്നു മടങ്ങു വ്യാപന ശേഷിയുള്ളതാണ് ഒമിക്രോണ്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ എടുക്കുന്നത് പ്രതിരോധ ശേഷിവര്‍ധിപ്പിക്കുമെന്നതിനാല്‍ വാക്‌സിനേഷന്‍ കാമ്പയിന്‍ ഊര്‍ജ്ജിതമാക്കിയതായും ഡോ അബ്ദുല്ല അസ്സനദ് പറഞ്ഞു.

മിശ്രിഫിലെ പ്രധാന കുത്തിവെപ്പ് കേന്ദ്രത്തിലും ജാബിര്‍ കടല്‍പാലത്തോട് ചേര്‍ന്നുള്ള ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്ററിലും മുന്‍കൂര്‍ അപ്പോയ്ന്റ്‌മെന്റ് ഇല്ലാതെ തന്നെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നുണ്ട് . മുന്‍കൂട്ടി രെജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് കുത്തിവെപ്പ് എടുക്കാം. വിവിധ തൊഴില്‍ മേഖലകള്‍ കേന്ദ്രീകരിച്ചു ഫീല്‍ഡ് വാക്‌സിനേഷന്‍ കാമ്പയിന്‍ പുരോഗമിക്കുകയാണെന്നും ആരോഗ്യമന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു .

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News