കുവൈത്തില്‍ കാർ രജിസ്ട്രേഷൻ പുതുക്കുന്നതിന് പരിസ്ഥിതി അതോറിറ്റി അനുമതി നിര്‍ബന്ധമാക്കുന്നു
പുകവമിക്കുന്ന വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസ് പിടികൂടി പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ കാർ രജിസ്ട്രേഷൻ പുതുക്കുന്നതിന് പരിസ്ഥിതി അതോറിറ്റി അനുമതി നിര്‍ബന്ധമാക്കുന്നു. പരിശോധനയിൽ മലിനീകരണം തെളിഞ്ഞാൽ വാഹനം വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കുവൈത്തില്‍ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിന് മലിനീകരണ മുക്ത സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. ഇത് സംബന്ധമായ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ഇതോടെ കാര്‍ പാസിംഗ് പരിശോധനാ കേന്ദ്രങ്ങളിൽ ആഭ്യന്തര ഉദ്യോഗസ്ഥരോടപ്പം പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടേയും സാന്നിധ്യവും ഉണ്ടായിരിക്കും. വാഹനങ്ങളുടെ മലിനീകരണ മുക്ത പരിശോധനാ ഫലം അനുസരിച്ചായിരിക്കും രജിസ്ട്രേഷൻ പുതുക്കി നൽകുകയെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്ദുല്ല അൽ അഹമ്മദ് വ്യക്തമാക്കി.
ദേശീയ അന്തർദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായി വാഹനത്തിന്‍റെ തരവും വലുപ്പവും അനുസരിച്ചായിരിക്കും എമിഷൻ ശതമാനം നിശ്ചയിക്കുക.വാഹന പരിശോധനയിൽ മലിനീകരണം തെളിഞ്ഞാൽ വീണ്ടും പരിശോധനയ്ക്ക് ഹാജരാകണം. തുടര്‍ന്നും മലിനീകരണം കണ്ടെത്തിയാൽ വാഹനം കണ്ടുകെട്ടുമെന്നും അധികൃതര്‍ അറിയിച്ചു. അതിനിടെ പുകവമിക്കുന്ന വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസ് പിടികൂടി പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.