സ്ഥാപക അം​ഗം മുക്താർ മഹ്റൂഫിന്റെ നിര്യാണം; 'ഫിമ' അനുശോചന യോ​ഗം ചേർന്നു

ആക്ടിങ് പ്രസിഡന്റ് ഇസ്രാർ അഹമ്മദ് അധ്യക്ഷത വഹിച്ചു

Update: 2025-11-30 11:13 GMT
Editor : Mufeeda | By : Web Desk

കുവൈത്ത് സിറ്റി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്ലിം അസോസിയേഷൻസ് ഫിമ സ്ഥാപക അംഗവും മുൻ പ്രസിഡന്റുമായ മുക്താർ മഹ്റൂഫിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു. കെ.എം.സി.സി സെൻട്രൽ ഓഫീസിൽ നടന്ന യോഗത്തിൽ ആക്ടിങ് പ്രസിഡൻറ് ഇസ്രാർ അഹമ്മദ് അധ്യക്ഷത വഹിച്ചു.

ഫിമയുടെ വളർച്ചയ്ക്കും നിരവധി സംഘടനകൾക്കും നൽകിയ മുക്താർ മഹ്റൂഫിന്റെ മഹത്തായ സംഭാവനകൾ യോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു. തീരുമാനങ്ങളിൽ അദ്ദേഹം കാട്ടിയ ധൈര്യവും ഉറച്ച നിലപാടുകളും മാനവസേവന രംഗത്തെ സമർപ്പിത പ്രവർത്തനങ്ങളും അവർ ഓർത്തെടുത്തു.

അവശർക്കുള്ള കാരുണ്യവും അവരുടെ ക്ഷേമത്തിനായി സ്വീകരിച്ച നിലപാടുകളും എന്നും സ്മരിക്കപ്പെടുമെന്നും, ദീർഘദർശിയും വിശാലമനസ്കനുമായ നേതാവിന്റെ വിയോഗം സമൂഹത്തിന് വലിയ നഷ്‌ടമാണെന്നും യോഗം വിലയിരുത്തി. സാമൂഹിക, വിദ്യഭ്യാസ, ജീവകാരുണ്യ മേഖലകളിൽ അദ്ദേഹം പതിപ്പിച്ച വ്യക്തിമുദ്രയും ചടങ്ങിൽ പ്രശംസിച്ചു.

ഡോ. അമീർ അഹമ്മദ് (IDF), മുജമ്മിൽ മാലിക് (IMWA), മുസ്തഫ കാരി (KKMCC), ഡോ. ഹിദായത്തുള്ള (TMCA), ഹസീബ്, മുഹമ്മദ് ഹനീഫ് (CMWS), ഫിറോസ് (KIG), ഷഫാക്ക് (IMWA), വാലിദ് പാർക്കർ (FWS), സലിം ദേശായി (KWS) എന്നിവർ അനുശോചന പ്രസംഗങ്ങൾ നടത്തി. സെക്രട്ടറി ജനറൽ സിദ്ദീഖ് വലിയകത്ത് സ്വാഗതം പറഞ്ഞു. ബഷീർ ബാത്ത നന്ദി രേഖപ്പെടുത്തി. മഹ്ബൂബ് നടമ്മൽ, ഫൈസൽ കെ.വി എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News