എണ്ണവില കൂടിയത് തുണയായി; കുവൈത്തിന്റെ വരുമാനത്തിൽ വൻ വർധന
ഏപ്രിൽ-മെയ് മാസങ്ങളിൽ 2.78 ബില്യൻ ഡോളറാണ് എണ്ണ വരുമാനം ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, വില വർധന മൂലം 5.7 ബില്യൻ ഡോളറാണ് കഴിഞ്ഞ രണ്ടു മാസങ്ങളിൽ എണ്ണവിൽപ്പനയിലൂടെ ലഭിച്ച വരുമാനം.
എണ്ണ വിലയിലുണ്ടായ വർധനവ് കുവൈത്തിന്റെ ബജറ്റ് കമ്മി കുറച്ചതായി റിപ്പോർട്ട്. അപ്രതീക്ഷിതമായി എണ്ണവില ഉയർന്നതുമൂലം രണ്ട് മാസം കൊണ്ട് 94 ശതമാനം ആയാണ് കമ്മി കുറഞ്ഞത്. ഇപ്പോഴത്തെ വിലക്കയറ്റം റഷ്യ, യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിലുള്ളതാണെന്നും ഇത് സ്ഥിരമായി നിൽക്കില്ലെന്നുമാണ് അധികൃതരുടെ വിലയിരുത്തൽ.
ബാരലിന് 65 ഡോളർ വില കണക്കാക്കിയാണ് കുവൈത്ത് ബജറ്റ് തയാറാക്കിയത്. ഇതനുസരിച്ചു ഏപ്രിൽ-മെയ് മാസങ്ങളിൽ 2.78 ബില്യൻ ഡോളറാണ് എണ്ണ വരുമാനം ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, വില വർധന മൂലം 5.7 ബില്യൻ ഡോളറാണ് കഴിഞ്ഞ രണ്ടു മാസങ്ങളിൽ എണ്ണവിൽപ്പനയിലൂടെ ലഭിച്ച വരുമാനം. ബാരലിന് 110 ഡോളറിന് മുകളിൽ വില ലഭിച്ചതയാണ് തുണയായത്. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളിൽ കുവൈത്ത് എണ്ണയുടെ ശരാശരി വില ബാരലിന് ഏകദേശം 112.162 ഡോളറായിരുന്നു.
ശരാശരി 1.39 ബില്യൻ ഡോളറാണ് പ്രതിമാസം പ്രതീക്ഷിക്കുന്ന എണ്ണ വരുമാനം. എന്നാൽ, 2.7 ബില്യൺ ഡോളർ ലഭിച്ചു. ഒരു ദിവസം പത്ത് ഡോളറിലേറെ വർധിക്കുകയും പിറ്റേദിവസം ആറ് ഡോളറിലേറെ കുറയുകയും ചെയ്യുന്ന വിധം വലിയ ചാഞ്ചാട്ടമാണ് ഇപ്പോൾ കാണുന്നത്. എണ്ണവില മുഖ്യ വരുമാനമായി കാണുന്ന കുവൈത്ത് അടക്കമുള്ള രാജ്യങ്ങൾക്ക് കോവിഡ് പ്രതിസന്ധിയെ തുടർന്ന് വില കുത്തനെ ഇടിഞ്ഞത് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. അടുത്ത മാസം മുതൽ പെട്രോളിയം ഉൽപാദനവും വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതും വരുമാനത്തിൽ വർധനയുണ്ടാക്കും. ബജറ്റ് കമ്മിയും ലിക്വിഡിറ്റി ക്ഷാമവും പരിഹരിക്കാൻ വിവിധ മന്ത്രാലയങ്ങൾ വിവിധ ചെലവ് ചുരുക്കൽ നടപടികളും ആരംഭിച്ചിട്ടുണ്ട്. വരുമാനം വർധിച്ചിട്ടുണ്ടെങ്കിലും ചെലവുചുരുക്കൽ നടപടികളിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് ധനമന്ത്രാലയം വിവിധ വകുപ്പുകൾക്ക് നൽകിയ നിർദേശം.