വേനൽക്കാലത്ത് 58 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്താൻ കുവൈത്ത് എയർവേയ്സ്
കൂടുതൽ ആവശ്യക്കാരുള്ള ലക്ഷ്യസ്ഥാനങ്ങളിൽ പ്രത്യേക ശ്രദ്ധ
2025 വേനൽക്കാലത്ത് ലോകമെമ്പാടുമുള്ള 58 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസുകൾ നടത്താൻ കുവൈത്ത് എയർവേയ്സ്. ജൂൺ മുതൽ സെപ്റ്റംബർ വരെ ഉയർന്ന ഡിമാൻഡ് അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രത്യേക ശ്രദ്ധ നൽകിയാണ് ഷെഡ്യൂൾ. പുതിയതും വൈവിധ്യപൂർണവുമായ സ്ഥലങ്ങളിലേക്ക് വിമാന സർവീസുകൾ ആരംഭിക്കുകയും ഇതുവരെ ഉപയോഗിക്കാത്ത വിപണികളിൽ സാന്നിധ്യം വിപുലീകരിക്കുകയും ചെയ്യുമെന്നും കുവൈത്ത് എയർവേയ്സിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുൽ മുഹ്‌സിൻ അൽഫഖാൻ ഞായറാഴ്ച വാർത്താക്കുറിപ്പിൽ അറിയിച്ചു.
മോസ്‌കോയിലേക്കുള്ള വിമാനങ്ങൾ ജൂൺ ആറ് മുതൽ നാല് വീക്ക്‌ലി സർവീസുകളോടെ ആരംഭിക്കും. ജൂലൈ ഒന്ന് മുതൽ മൂന്ന് വീക്ക്‌ലി വിമാന സർവീസുകളുള്ള അലക്‌സാൻഡ്രിയയും ജൂലൈ 2 മുതൽ മൂന്ന് വീക്ക്‌ലി വിമാന സർവീസുകളുള്ള ലക്സറും വേനൽക്കാലത്തെ മറ്റ് പുതിയ ലക്ഷ്യസ്ഥാനങ്ങളാണ്.
അന്റാലിയ, ബോഡ്രം, ട്രാബ്സൺ എന്നിവയും ജനപ്രിയ വേനൽക്കാല ലക്ഷ്യസ്ഥാനങ്ങളിൽ ഉൾപ്പെടുന്നു. ഓരോയിടത്തേക്കും ജൂണിൽ നാല് വീക്ക്‌ലി സർവീസുകളാണ് ആരംഭിക്കുന്നത്. അന്റാലിയ, ബോഡ്രം വിമാന സർവീസുകൾ ജൂൺ 2 ന് ആരംഭിക്കും, ട്രാബ്‌സൺ വിമാന സർവീസുകൾ ജൂൺ ഒന്നിനും ആരംഭിക്കും.
2025 വേനൽക്കാലത്തെ മറ്റ് പ്രധാന സർവീസുകൾ:
ജൂൺ 4 മുതൽ രണ്ട് വീക്ക്‌ലി വിമാന സർവീസുകളുള്ള ഷറം അൽ ശൈഖ്
ജൂൺ 5 മുതൽ മൂന്ന് വീക്ക്‌ലി വിമാന സർവീസുകളുള്ള മലാഗ
ജൂൺ 17 മുതൽ രണ്ട് വീക്ക്‌ലി വിമാന സർവീസുകളുള്ള നൈസ്
കൂടാതെ, കുവൈത്ത് എയർവേയ്സ് ജൂൺ 2 മുതൽ നാല് വീക്ക്‌ലി വിമാനങ്ങളോടെ സലാലയിലേക്കുള്ള സർവീസുകൾ വർധിപ്പിക്കും. ജൂൺ 1 മുതൽ വിയന്നയിലേക്ക് നാല് വീക്ക്‌ലി വിമാന സർവീസുകൾ നടത്തും, ജൂൺ 1 മുതൽ ക്വാലാലംപൂരിലേക്ക് മൂന്ന് വീക്ക്‌ലി വിമാന സർവീസുകളും നടത്തും.
യൂറോപ്യൻ റൂട്ടുകളിൽ വർധിച്ചുവരുന്ന യാത്രക്കാരെ പരിഗണിച്ച് കുവൈത്ത് എയർവേയ്സ് ബോയിംഗ് B777 -300 വൈഡ്-ബോഡി വിമാനങ്ങൾ വിന്യസിക്കും, മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവത്തിനായി റോയൽ, ബിസിനസ് ക്ലാസ് ക്യാബിൻ സൗകര്യമൊരുക്കും.
1953-ൽ കുവൈത്ത് നാഷണൽ എയർവേയ്സ് ലിമിറ്റഡ് എന്ന പേരിലാണ് കുവൈത്ത് എയർവേയ്സ് സ്ഥാപിതമായത്. 1954 മാർച്ച് 16-ന് ആദ്യ വിമാന സർവീസുകൾ ആരംഭിച്ചു. 1962-ൽ കുവൈത്ത് ഭരണകൂടം എയർലൈനിന്റെ പൂർണ ഉടമസ്ഥാവകാശം ഏറ്റെടുത്തു.