താമസ നിയമലംഘനങ്ങൾക്കുള്ള പുതിയ പിഴനിരക്കുകൾ പ്രഖ്യാപിച്ച് കുവൈത്ത്
കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുന്നവർക്ക് ആദ്യ മാസം പ്രതിദിനം 2 ദിനാറും തുടർന്ന് 4 ദിനാറും പിഴ
കുവൈത്ത് സിറ്റി: താമസാനുമതി നിയമലംഘനങ്ങൾക്കുള്ള പുതിയ പിഴനിരക്കുകൾ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. പ്രവാസികളുടെ താമസ നിയമത്തിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങൾ ഈ മാസം 23 മുതലാണ് പ്രാബല്യത്തിൽ വന്നത്.
അനുവദനീയ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുന്നവർക്ക് ആദ്യ മാസം പ്രതിദിനം 2 ദിനാറും തുടർന്ന് 4 ദിനാറും പിഴ ചുമത്തും. സന്ദർശന വിസ, അടിയന്തര എൻട്രി പെർമിറ്റ്, ഡ്രൈവർ വിസ തുടങ്ങിയവയിൽ കാലാവധി ലംഘിച്ചാൽ പ്രതിദിനം 10 ദിനാർ പിഴയും പരമാവധി 2,000 ദിനാർ വരെയും ഈടാക്കും. റെസിഡൻസി പെർമിറ്റ് ലഭിക്കാതെയോ പുതുക്കാതെയോ തുടരുന്ന പ്രവാസികൾക്ക് പരമാവധി 1,200 ദിനാർ വരെ പിഴ ചുമത്തും.
ഗാർഹിക തൊഴിലാളികൾക്ക് പിഴപരിധി 600 ദിനാറായി നിശ്ചയിച്ചിട്ടുണ്ട്. സാധുവായ റെസിഡൻസി ഉള്ളവർക്ക് ആറ് മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്തു തുടരാൻ അനുവദിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു. കുവൈത്ത് സ്ത്രീകളുടെയും സ്വത്തുടമകളുടെയും വിദേശ നിക്ഷേപകരുടെയും കുട്ടികളെ ഈ തീരുമാനങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.