കുവൈത്തിൽ ഉച്ചസമയത്ത് തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് മൂന്ന് മാസത്തേക്ക് വിലക്ക്
ഉച്ചവിശ്രമത്തിനായി നൽകുന്ന സമയനഷ്ടം ഒഴിവാക്കുന്നതിന് രാവിലെയോ വൈകുന്നേരമോ ആവശ്യമെങ്കിൽ കൂടുതൽ സമയം ജോലി ചെയ്യിക്കാൻ തൊഴിലുടമകൾക്ക് അനുമതിയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
കുവൈത്തിൽ ഉച്ചസമയത്ത് തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള വിലക്ക് പ്രാബല്യത്തിലായി. ആഗസ്റ്റ് 31 വരെ മൂന്നു മാസത്തേക്കാണ് വിലക്ക്. രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ തുറന്ന സ്ഥലങ്ങളിൽ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കരുതെന്നു മാൻ പവർ അതോറിറ്റി മുന്നറിയിപ്പ് നൽകി.
തൊഴിലാളികൾക്ക് സൂര്യാഘാതം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കുന്നതിനാണ് പതിവുപോലെ ഈ വർഷവും ഉച്ചനേരത്തെ പുറം ജോലികൾക്ക വിലക്ക് ഏർപ്പെടുത്തുന്നതെന്ന മാൻപവർ അതോറിറ്റി അറിയിച്ചു. നിയമപാലനം ഉറപ്പാക്കാൻ ഉദ്യോഗസ്ഥരെ പ്രത്യേക സംഘങ്ങളായി തിരിച്ചു നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.
നിയമലംഘനം കണ്ടെത്തിയാൽ ആദ്യം മുന്നറിയിപ്പ് നൽകും. മുന്നറിയിപ്പിന് ശേഷവും നിയമലംഘനം ആവർത്തിച്ചാൽ ഓരോ തൊഴിലാളിക്കും കുറഞ്ഞത് നൂറു ദിനാർ തോതിൽ പിഴ ഈടാക്കും. ഉച്ചവിശ്രമത്തിനായി നൽകുന്ന സമയനഷ്ടം ഒഴിവാക്കുന്നതിന് രാവിലെയോ വൈകുന്നേരമോ ആവശ്യമെങ്കിൽ കൂടുതൽ സമയം ജോലി ചെയ്യിക്കാൻ തൊഴിലുടമകൾക്ക് അനുമതിയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. വിലക്ക് ലംഘിക്കുന്നവർക്കെതിരെ ഫയൽ മരവിപ്പിക്കുന്നതുൾപ്പെടെയുളള നടപടികൾ കൈക്കൊള്ളുമെന്നും മാൻപവർ അതോറിറ്റി മുന്നറിയിപ്പ് നൽകി.