ഏകീകൃത ഇലക്ട്രോണിക് വാടക കരാറുമായി കുവൈത്ത്
സംവിധാനത്തിലൂടെ വാടകക്കാരൻ, ഉടമ, റിയൽ എസ്റ്റേറ്റ് ബ്രോക്കർ തമ്മിലുള്ള ബന്ധം സുതാര്യമാകും
Update: 2025-10-08 05:38 GMT
കുവൈത്ത് സിറ്റി: ഏകീകൃത ഇലക്ട്രോണിക് വാടക കരാറുമായി കുവൈത്ത്. കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ {പിഎസിഐ}, വികസന പദ്ധതികളുടെ ഭാഗമായി അംഗീകാരം നൽകിയ അഞ്ച് പദ്ധതികളിലാണ് ഏകീകൃത ഇലക്ട്രോണിക് വാടക കരാർ ഉൾപ്പെടുത്തിയത്. വാടക കരാറുകൾ നിരീക്ഷിക്കാനും ശ്രദ്ധിക്കാനുമാണ് ഈ ഓൺലൈൻ പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നത്. വാടക കരാറുകൾ രജിസ്റ്റർ ചെയ്യാനും പ്രക്രിയ ഏകീകരിക്കാനും ഇതിലൂടെ സാധിക്കും. അതോടൊപ്പം വാടകക്കാരൻ, ഉടമ, റിയൽ എസ്റ്റേറ്റ് ബ്രോക്കർ എന്നിവർ തമ്മിലുള്ള ബന്ധം സുതാര്യമാക്കാനും സംവിധാനം സഹായകരമാകും. എല്ലാ കരാറുകളും പിഎസിഐ സംവിധാനത്തിലാക്കുന്നതിലൂടെ കൃത്രിമം തടയാനും എളുപ്പത്തിൽ ട്രാക്ക് ചെയ്യാനും സാധിക്കും. ഉടമകൾക്ക് അവരുടെ വിലാസങ്ങൾ കൃത്യമായി, വേഗത്തിൽ അപ്‌ഡേറ്റ് ചെയ്യാനും പുതിയ സംവിധാനം സഹായിക്കും.