രോഗികളുടെ കാത്തിരിപ്പ് സമയം കുറയ്ക്കും; ആരോഗ്യകേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുവാനൊരുങ്ങി കുവൈത്ത്
രോഗികളുടെ എണ്ണം കൂടുന്നതിനാൽ നിലവിൽ ആശുപത്രികളിലും ക്ലിനിക്കുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്
ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനൊരുങ്ങി കുവൈത്ത്. രോഗികളുടെ കാത്തിരിപ്പ് സമയം കുറയ്ക്കാനും മെച്ചപ്പെട്ട ചികിത്സാ സൗകര്യം നൽകാനും പുതിയ ക്ലിനിക്കുകൾ തുറക്കുന്നതോടെ സാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗികളുടെ എണ്ണം കൂടുന്നതിനാൽ നിലവിൽ ആശുപത്രികളിലും ക്ലിനിക്കുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ജനറൽ മെഡിസിൻ, യൂറോളജി ,ഗൈനക്കോളജി, ഡെന്റൽ ,സൈക്കോളജി, ഇഎൻടി, പീഡിയാട്രിക് തുടങ്ങിയ വിഭാഗങ്ങളിൽ സ്‌പെഷ്യലൈസ്ഡ് ക്ലിനിക്കുകൾ ആരംഭിക്കുന്നതോടെ രോഗികളുടെ ആധിക്യം നിയന്ത്രിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷ.
പ്രൈമറി ഹെൽത്ത് സെന്ററുകളിൽ രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ ഒരുക്കും. ആരോഗ്യ മേഖലയുടെ ഗുണനിലവാരം ഉയർത്തുന്നതിനായി സമ്പൂർണ ഡിജിറ്റൽവൽക്കരണം, ആരോഗ്യ ജീവനക്കാരുടെ പ്രകടനം മെച്ചപ്പെടുത്തൽ തുടങ്ങിയ നിരവധി പദ്ധതികൾ മന്ത്രാലയത്തിൻറെ നേതൃത്വത്തിൽ നടപ്പിലാക്കിയിരുന്നു. കോവിഡിന് ശേഷം ആശുപത്രികളിൽ ആവശ്യമായ ഡോക്ടർമാരുടേയും ജീവനക്കാരുടെയും എണ്ണത്തിലുണ്ടായ കുറവ് തരണം ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രാലയം ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.