കുവൈത്തിൽ സ്വദേശി സംവരണം പാലിക്കാത്തതിന് പിഴ വർദ്ധിപ്പിക്കുന്നു

സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന കുവൈത്ത് പൗരന്മാർക്ക് ഗവൺമെന്റ് പ്രത്യേക ആനുകൂല്യങ്ങൾ നൽകി വരുന്നുണ്ട്. ഓരോ വർഷവും വലിയൊരു തുകയാണ് ഇതിനായി ചെലവഴിക്കുന്നത്

Update: 2021-11-15 16:15 GMT
Advertising

കുവൈത്തിൽ സ്വകാര്യമേഖലയിൽ സ്വദേശി സംവരണം പാലിക്കാത്ത കമ്പനികൾക്കുള്ള പിഴ വർദ്ധിപ്പിക്കുന്നു. സർക്കാരിതര കമ്പനികളിലെ സ്വദേശി അനുപാതം പുനർനിർണയിക്കാനും മാൻപവർ അതോറിട്ടി ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. 25 ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികളിൽ നിശ്ചിത ശതമാനം ജീവനക്കാർ കുവൈത്തികൾ ആകണമെന്നാണ് ചട്ടം. ഇത് പാലിക്കാത്ത കമ്പനികൾക്കുള്ള പിഴ വർദ്ധിപ്പിക്കാനാണ് അധികൃതർ ഒരുങ്ങുന്നത്. മാൻപവർ അതോറിറ്റിയിലെ നാഷണൽ ലേബർ വിഭാഗം നേരത്തെ സിവിൽ സർവീസ് കമ്മീഷൻ കൈമാറിയ നിർദേശം ഇപ്പോൾ മന്ത്രിസഭയുടെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്.

സ്വകാര്യ കമ്പനികൾ ചട്ടങ്ങൾ പാലിക്കുന്നവെന്ന് ഉറപ്പു വരുത്തുകയും സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുകയുമാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നത്. സർക്കാരിതര സ്ഥാപനങ്ങളിലെ കുവൈത്തി ജീവനക്കാരുടെ അനുപാതം പുനഃപരിശോധിച്ചു വരികയാണെന്നും മാൻപവർ അതോറിറ്റി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന കുവൈത്ത് പൗരന്മാർക്ക് ഗവൺമെന്റ് പ്രത്യേക ആനുകൂല്യങ്ങൾ നൽകി വരുന്നുണ്ട്. ഓരോ വർഷവും വലിയൊരു തുകയാണ് ഇതിനായി ചെലവഴിക്കുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News