കുവൈത്ത് സ്പ്രിങ് ക്യാമ്പ്; റിസർവേഷൻ തുറന്ന ആദ്യ 48 മണിക്കൂറിനുള്ളിൽ അനുവദിച്ചത് 760 പെർമിറ്റുകൾ
ലൈസൻസില്ലാത്ത ക്യാമ്പുകൾ കണ്ടെത്തിയാൽ നീക്കം ചെയ്യും
കുവൈത്ത് സിറ്റി: കുവൈത്തിലെ സ്പ്രിങ് ക്യാമ്പിങ് റിസർവേഷൻ തുറന്ന ആദ്യ 48 മണിക്കൂറിനുള്ളിൽ വടക്കൻ, തെക്കൻ മേഖലകളിലായി 760 പെർമിറ്റുകൾ അനുവദിച്ചതായി അധികൃതര്‍. മുനിസിപ്പൽ കൗൺസിൽ തീരുമാനപ്രകാരം ക്യാമ്പിങ് പ്ലോട്ടുകൾ വാടകയ്ക്ക് നൽകുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും നിയമലംഘനം പിടികൂടിയാൽ പിഴ ചുമത്തുമെന്നും സ്പ്രിങ് ക്യാമ്പ് കമ്മിറ്റിയുടെ ചെയർമാൻ ഫൈസൽ അൽ-ഒതൈബി വ്യക്തമാക്കി.
ബഗ്ഗികളുടെ അനധികൃത ഉപയോഗം പൊതു സുരക്ഷയ്ക്ക് ഭീഷണിയായതിനാൽ അവ പിടിച്ചെടുക്കുന്ന നടപടികൾ തുടരുകയാണെന്നും അൽ-ഒതൈബി പറഞ്ഞു. ബഗ്ഗി അപകടങ്ങളെത്തുടർന്ന് ഒട്ടേറെപേർ ആശുപത്രിയിൽ പ്രവേശിച്ചിട്ടുണ്ടെന്ന ആരോഗ്യ മന്ത്രാലയ റിപ്പോർട്ടും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലൈസൻസില്ലാത്ത ക്യാമ്പുകൾ കണ്ടെത്തുന്ന പക്ഷം അവ നീക്കം ചെയ്യുകയും, ചെലവും പിഴയും ഉടമകളിൽ നിന്ന് ഈടാക്കുമെന്നും അൽ-ഒതൈബി മുന്നറിയിപ്പു നൽകി. അതിനിടെ, ജഹ്‌റ ഗവർണറേറ്റിൽ നടന്ന പരിശോധന കാമ്പെയ്‌നിൽ 94 ബഗ്ഗികളും, ആറു ട്രെയിലറുകളും ട്രക്കും നീക്കം ചെയ്തതായി മുനിസിപ്പൽ ഉദ്യോഗസ്ഥർ അറിയിച്ചു.