അനധികൃത താമസക്കാരായ 130,000 പ്രവാസികളെ ഒഴിവാക്കാനുള്ള നടപടികളുമായി കുവൈത്ത്

Update: 2023-06-24 03:50 GMT
Advertising

കുവൈത്തില്‍ റെസിഡൻസി നിയമം ലംഘിച്ചവരെ പിടികൂടുന്നതിനായി പുതിയ കര്‍മപദ്ധതിയുമായി ആഭ്യന്തര മന്ത്രാലയം. മറ്റ് മന്ത്രാലയങ്ങളുടെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തിയാകും കമ്മിറ്റി രൂപീകരിക്കുകയെന്ന് പ്രാദേശിക മാധ്യമമായ അൽ-അൻബ റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് നിലവില്‍ 130,000 താമസ നിയമലംഘകര്‍ വിവിധ മേഖലകളിലായി ഉണ്ടെന്നാണ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറും ആഭ്യന്തര മന്ത്രാലയവും പുറത്തിറക്കിയ കണക്കുകളിലുള്ളത്. കണ്ടെത്തി നാടുകടത്തേണ്ട ഭൂരിപക്ഷം പ്രവാസികളില്‍ നല്ലൊരു ഭാഗവും വ്യാജ കമ്പനികളുടെ സ്‍പോണ്‍സര്‍ഷിപ്പിലാണ്.

അനധികൃത താമസക്കാര്‍ക്ക് നിയമാനുസൃത സ്ഥാപനങ്ങളിലേക്ക് മാറുവാനുള്ള അവസരം നല്‍കാതെ മാതൃ രാജ്യങ്ങളിലേക്ക് തിരികെ അയയ്ക്കുവാനാണ് അധികൃതര്‍ ആലോചിക്കുന്നത്. ഇത്തരക്കാര്‍ വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുവാനായി ട്രാവല്‍ ബാനും ഏര്‍പ്പെടുത്തുമെന്നാണ് സൂചന.

നേരത്തെ നിരവധി തവണ പൊതുമാപ്പ് ഉൾപ്പെടെ അവസരങ്ങൾ നൽകിയിട്ടും ഇവരില്‍ ഭൂരിപക്ഷം പേരും പ്രയോജനപ്പെടുത്തിയിരുന്നില്ല. നിയമ ലംഘകരില്‍ ഭൂരിപക്ഷവും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് . അതില്‍ തന്നെ നല്ലൊരു ശതമാനവും ഗാര്‍ഹിക തൊഴിലാളികളാണെന്ന് അധികൃതര്‍ വ്യക്തമാക്കി . അതിനിടെ നിയമ ലംഘനങ്ങൾക്കെതിരെ നിലവില്‍ നടക്കുന്ന സുരക്ഷാപരിശോധനകള്‍ തുടരുമെന്ന് അഭ്യന്തര മന്ത്രാലയം അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News