Writer - razinabdulazeez
razinab@321
കുവൈത്ത് സിറ്റി: ഇസ്രായേൽ പിടിച്ചെടുത്ത ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയിൽ രണ്ട് കുവൈത്ത് ആക്ടിവിസ്റ്റുകളും. ഖാലിദ് മുസൈദ് അൽ അബ്ദുൽ ജാദർ, അബ്ദുല്ല മുബാറക് അൽ മുതാവ എന്നിവരെയാണ് ഇസ്രായേൽ സേന പിടികൂടിയത്. തങ്ങളെ ഇസ്രായേൽ അധിനിവേശ സേന തട്ടിക്കൊണ്ടുപോയതായി ഇരുവരും വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. ഫലസ്തീൻ ജനതക്ക് സഹായവും പിന്തുണയുമായി ഗസ്സ തീരം ലക്ഷ്യമിട്ടെത്തിയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയിലെ ഭൂരിഭാഗം ബോട്ടുകളും ഇസ്രായേൽ നാവികസേന പിടിച്ചെടുത്തു. ആക്ടിവിസ്റ്റുകളും സാമൂഹികപ്രവർത്തകരും തടങ്കലിലാണ്.
ഞങ്ങളുടെ യാത്ര സമാധാനപരമായിരുന്നു, ഗസ്സയിലെ ഉപരോധം നീക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു ഞങ്ങൾക്കുണ്ടായിരുന്നത്. എന്നാൽ അധിനിവേശ സയണിസ്റ്റ് സൈന്യം എന്നെ പിടികൂടിയിരിക്കുന്നു. ഖാലിദ് മുസൈദ് അൽ അബ്ദുൽ ജാദർ പറഞ്ഞു.
എന്റെ സകാത്തുമായാണ് ഞാൻ ഗസ്സയിലേക്ക് പുറപ്പെട്ടത്. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശവുമായി സമാധാനപരമായ ഒരു ദൗത്യമാണിത്. ദുഃഖകരമെന്നു പറയട്ടെ, ഇസ്രായേൽ സൈനികർ എന്നെ പിടികൂടിയിരിക്കുന്നു. അബ്ദുല്ല മുബാറക് അൽ മുതാവ പറഞ്ഞു. ഇരുവരുടെയും മോചനത്തിനായി കുവൈത്ത് സർക്കാർ ഇടപെടണമെന്ന് വീഡിയോ സന്ദേശത്തിലൂടെ അഭ്യർഥിച്ചു.