കേബിൾ റീലുകളിൽ മദ്യക്കുപ്പികൾ; കുവൈത്തിൽ മദ്യക്കടത്ത് പിടികൂടി
3,037 മദ്യക്കുപ്പികളാണ് പിടിച്ചെടുത്തത്
കുവൈത്ത് സിറ്റി: കേബിൾ റീലുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മദ്യക്കുപ്പികൾ വിദഗ്ധമായി പിടികൂടി കുവൈത്ത്. യൂറോപ്പിൽ നിന്ന് കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 3,037 മദ്യക്കുപ്പികളാണ് ശുവൈഖ് തുറമുഖത്ത് നിന്ന് കുവൈത്ത് കസ്റ്റംസും ഫയർഫോഴ്സും ചേർന്ന് പിടികൂടിയത്. 20 അടി കണ്ടെയ്നറിലായിരുന്നു മദ്യക്കുപ്പികൾ നിറച്ച കേബിൾ റീലുകൾ ഉണ്ടായിരുന്നത്.
ആഭ്യന്തരമന്ത്രി ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹിന്റെ നിർദേശപ്രകാരം കസ്റ്റംസ് പരിശോധന ശക്തമാക്കിയിരുന്നു. കണ്ടെയ്നറിൽ മറ്റു നിരോധിത ഉൽപന്നങ്ങളില്ലെന്ന് പരിശോധനയിൽ ഉറപ്പാക്കിയതായി നാർകോട്ടിക്സ് വകുപ്പിനെ പ്രതിനിധീകരിച്ച് ക്രിമിനൽ സുരക്ഷാ വിഭാഗം വ്യക്തമാക്കി. കയറ്റുമതിയുമായി ബന്ധപ്പെട്ട വിവരങ്ങളും കമ്പനിയുടെ വിശദാംശങ്ങളും തുടരന്വേഷണത്തിനായി കൈമാറുമെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.