കുവൈത്തിൽ നഴ്സിംഗ് റിക്രൂട്ട്‌മെന്റിന് ഇടനിലക്കാരില്ലെന്ന് ആരോഗ്യ മന്ത്രാലയം

2018 മുതൽ നഴ്‌സിംഗ് ജീവനക്കാരെ നേരിട്ടാണ് നിയമിക്കുന്നതെന്നും റിക്രൂട്ട്മെന്‍റ് കമ്പനികളുമായി കരാറില്ലെന്നും ആരോഗ്യ മന്ത്രാലയം

Update: 2023-08-24 18:47 GMT
Advertising

കുവൈത്തില്‍ നഴ്‌സിംഗ് റിക്രൂട്ട്മെന്റിന് ഇടനിലക്കാരില്ലെന്ന് ആരോഗ്യ മന്ത്രാലയം. നഴ്‌സിംഗ് പ്രൊഫഷണലുകളെ അയക്കുന്ന രാജ്യങ്ങളിലെ സർക്കാർ സ്ഥാപനങ്ങളുമായുള്ള ധാരണാപത്രത്തിലൂടെയാണ് അപേക്ഷകൾ സ്വീകരിക്കുന്നതും റിക്രൂട്ട്മെന്റ് പൂർത്തിയാക്കുന്നതുമെന്ന് അധികൃതർ വ്യക്തമാക്കി.

2018 മുതൽ നഴ്‌സിംഗ് ജീവനക്കാരെ നേരിട്ടാണ് നിയമിക്കുന്നതെന്നും റിക്രൂട്ട്മെന്‍റ് കമ്പനികളുമായി കരാറില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചില ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഇടനിലക്കാർ വഴി നഴ്‌സിംഗ് സ്റ്റാഫ് റിക്രൂട്ട്‌മെന്റിനായി പരസ്യങ്ങൾ നൽകുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ആരോഗ്യ മന്ത്രാലയം വിഷയത്തിൽ വ്യക്തത വരുത്തിയത്. ഇത്തരം പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്നും ഇതില്‍ പല പരസ്യങ്ങളും 2014 ലുള്ളതാണെന്നും അധികൃതര്‍ പറഞ്ഞു.

വിദേശ നഴ്‌സുമാർക്കുള്ള റിക്രൂട്ട്‌മെന്റ് അതത് രാജ്യങ്ങളിലെ സർക്കാർ സ്ഥാപനങ്ങൾ മുഖേനയാണ് നടത്തുന്നത്. പരസ്യങ്ങൾ നൽകുന്നതുൾപ്പെടെ ഇതിനായി കൃത്യമായ വ്യവസഥകളും നടപടിക്രമങ്ങളും ഉണ്ട്. വ്യക്തിഗത അഭിമുഖങ്ങൾ, ടെസ്റ്റുകൾ, ജോലി വിലയിരുത്തൽ എന്നിങ്ങനെയുള്ള നടപടികൾ പൂർത്തിയാക്കിയാണ് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത്. നിലവില്‍ നഴ്‌സിംഗ് സ്റ്റാഫ് റിക്രൂട്ട്‌മെന്റ് പാകിസ്താൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇന്തോനേഷ്യ, ശ്രീലങ്ക, ടുണീഷ്യ എന്നി രാജ്യങ്ങളിലെ സർക്കാർ സ്ഥാപനങ്ങളുമായി ചർച്ചകൾ പുരോഗമിക്കുകയാണ്.

Full View

നഴ്‌സിംഗ് റിക്രൂട്ട്മെന്റ് സംബന്ധിച്ച യാഥാർഥ്യങ്ങൾ മനസിലാക്കാനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് അതിന്‍റെ കൃത്യതയും വിശ്വാസ്യതയും പരിശോധിക്കണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News