കുവൈത്ത് ബാങ്കുകൾക്ക് പുതിയ നിയന്ത്രണം

എക്‌സ്‌ചേഞ്ച് കമ്പനികളുടെ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും ദൈനംദിന റിപ്പോർട്ട് ബാങ്കുകൾക്ക് നൽകണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്

Update: 2025-09-14 16:52 GMT

കുവൈത്ത് സിറ്റി: കുവൈത്ത് ബാങ്കുകൾക്ക് പുതിയ നിയന്ത്രണം. എക്‌സ്‌ചേഞ്ച് കമ്പനികളുടെ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും ദൈനംദിന റിപ്പോർട്ട് ബാങ്കുകൾക്ക് നൽകണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് നിർദേശിച്ചു. പുതിയ നിർദേശപ്രകാരം എക്‌സ്‌ചേഞ്ച് കമ്പനികൾ 3000 കുവൈത്ത് ദിനാറിനു മുകളിലോ താഴെയോ ഉള്ള എല്ലാ ഇടപാടുകളുടെയും സമ്പൂർണ വിവരങ്ങൾ ബാങ്കുകൾക്ക് നൽകണം. പ്രത്യേകിച്ച് ബാങ്കുകളുടെ ഓപ്പൺ ലൈനുകൾ വഴി ധനസഹായം നൽകുന്ന ഡോളർ വാങ്ങലുകളുടെ വിവരങ്ങളും ഉൾപ്പെടുത്തണം.

എന്നാൽ കമ്പനികൾ അവരുടെ ഡോളർ ആവശ്യങ്ങൾ ഇന്റർബാങ്ക് മാർക്കറ്റ് വഴി നിറവേറ്റുകയാണെങ്കിൽ ഈ നിയന്ത്രണം ബാധകമല്ലെന്ന് സി.ബി.കെ വ്യക്തമാക്കി. എക്‌സ്‌ചേഞ്ച് കമ്പനികൾക്ക് നൽകുന്ന ഡോളർ വാണിജ്യ ആവശ്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പുതിയ നടപടിയുടെ ലക്ഷ്യം. പണ കൈമാറ്റ പ്രവർത്തനങ്ങൾക്കായുള്ള ഉപയോഗം കർശനമായി നിരീക്ഷിക്കും.

Advertising
Advertising

ഊഹക്കച്ചവടത്തിനോ നിക്ഷേപ ആവശ്യങ്ങൾക്കോ ഉപയോഗിക്കുന്ന ഡോളർ വാങ്ങലുകളെ പിന്തുണയ്ക്കില്ലെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി. നിയമാനുസൃത ബിസിനസ് പ്രവർത്തനങ്ങൾക്കായി മാത്രം ഡോളർ അനുവദിക്കുമെന്ന് ബാങ്കിംഗ് വൃത്തങ്ങൾ അറിയിച്ചു. എക്‌സ്‌ചേഞ്ച് കമ്പനികളുടെ ക്ലയന്റുകളായ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും വാണിജ്യ ഇടപാടുകൾ ഇതിൽ ഉൾപ്പെടും. മറ്റെല്ലാ ഡോളർ ആവശ്യങ്ങളും ബാങ്കുകളോ കമ്പനികളോ സ്വതന്ത്രമായി ഇന്റർബാങ്ക് മാർക്കറ്റ് വഴി കണ്ടെത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു.

2026-ലെ FATF വിലയിരുത്തലിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് നടപടിയെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. സാമ്പത്തിക സമഗ്രത സംരക്ഷിക്കാനും നിയമവിരുദ്ധ ഇടപാടുകൾ തടയാനും ശ്രമമാണിതെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News