ഒമിക്രോൺ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിരീക്ഷണം ശക്തമാക്കി

ഒമ്പത് ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് വിമാന സർവീസ് വിലക്കിയിട്ടുണ്ട്

Update: 2021-11-30 17:12 GMT
Advertising

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്ന വിദേശ യാത്രക്കാരിൽ നിരീക്ഷണം ശക്തമാക്കി. വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി. വൈറസ് കുവൈത്തിൽ എത്താതിരിക്കാനുള്ള എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നു അധികൃതർ അറിയിച്ചു. ഓരോ യാത്രക്കാരനെയും തെർമൽ പരിശോധനക്ക് വിധേയമാക്കിയാണ് ടെർമിനലിനകത്തേക്ക് പ്രവേശിപ്പിക്കുന്നത്. സംശയമുള്ളവർക്ക് വിമാനത്താവളത്തിൽ തന്നെ പി.സി.ആർ പരിശോധന നടത്തുന്നുണ്ട്. 72 മണിക്കൂറിനുള്ളിൽ പി.സി.ആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്കും അംഗീകൃത വാക്‌സിൻ സ്വീകരിച്ചവർക്കും മാത്രമാണ് നേരത്തെ തന്നെ പ്രവേശനാനുമതി നൽകിയിരുന്നത്. പുതിയ സാഹചര്യത്തിൽ നിബന്ധന കണിശമാക്കിയിട്ടുണ്ട്.

ക്വാറൻറീൻ വ്യവസ്ഥകളിൽ തൽക്കാലം മാറ്റം വരുത്തിയിട്ടില്ല. പുതിയ വൈറസ് വകഭേദം കണ്ടെത്താൻ പി.സി.ആർ പരിശോധന പര്യാപ്തമാണെന്നാണ് വിലയിരുത്തൽ. അതേസമയം ഇൻസ്റ്റിറ്റിയൂഷനൽ ക്വാറൻറീൻ ഉൾപ്പെടെ നടപടികളിലേക്ക് ആവശ്യമെങ്കിൽ കടക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമ്പത് ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് വിമാന സർവീസ് വിലക്കിയിട്ടുണ്ട്. കര, കടൽ അതിർത്തികളിലും പ്രവേശനം കർശന നിയന്ത്രണങ്ങൾക്ക് വിധേയമാണ്. ഇതുവരെ രാജ്യത്ത് ഒമിക്രോൺ എത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ രാജ്യത്തെ കോവിഡ് സാഹചര്യം ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ മന്ത്രാലയം സജ്ജമാണെന്നും അധികൃതർ അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News