അഹമ്മദിയിലെ 'ഔർ ലേഡി ഓഫ് അറേബ്യ' ദേവാലയം മൈനർ ബസിലിക്ക പദവിയിലേക്ക്
ഗൾഫ് മേഖലയിൽ അംഗീകാരം ലഭിക്കുന്ന ആദ്യ ദേവാലയം
കുവൈത്ത് സിറ്റി: കുവൈത്തിലെ അഹമ്മദിയിലുള്ള 'ഔർ ലേഡി ഓഫ് അറേബ്യ' ദേവാലയം മൈനർ ബസിലിക്ക പദവിയിലേക്ക്. ഗൾഫ് മേഖലയിൽ ആദ്യമായാണ് ഒരു ദേവാലയത്തിന് ഈ അംഗീകാരം ലഭിക്കുന്നത്. 1948-ൽ കാർമെലൈറ്റ് സന്ന്യാസിമാർ സ്ഥാപിച്ച പള്ളി, പിന്നീട് കുവൈത്ത് ഓയിൽ കമ്പനിയാണ് തൊഴിലാളികൾക്കായി നിർമിച്ചത്.
കഴിഞ്ഞ ദിവസം ദേവാലയത്തിന്റെ 75-ാം വാർഷികം ആഘോഷിച്ചു. 2011-ൽ ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പയുടെ പേരിൽ കർദ്ദിനാൾ അന്റോണിയോ കാനിസാറസ് ലോവേര കിരീടധാരണം നടത്തി. സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലായി ഏകദേശം 20 ലക്ഷം കത്തോലിക്കർക്കാണ് ഇടവക സേവനം നൽകുന്നത്.
'അംഗീകാരം അറേബ്യൻ ഉപദ്വീപിലെ വിശ്വാസികളുടെ ജീവിച്ചിരിക്കുന്ന വിശ്വാസത്തിന്റെ തെളിവാണെ'ന്ന് ബിഷപ്പ് ആൽഡോ ബെരാർഡി പറഞ്ഞു. മൈനർ ബസിലിക്ക പ്രഖ്യാപനത്തിന്റെ ഔദ്യോഗിക ആഘോഷ തീയതി പിന്നീട് അറിയിക്കും.