കുവൈത്തിൽ ലൈസൻസില്ലാത്ത കറൻസി എക്സ്ചേഞ്ചിന് കർശന ശിക്ഷ
പുതിയ കരട് നിയമത്തിന് മന്ത്രിസഭാ അംഗീകാരം
കുവൈത്ത് സിറ്റി: കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹമദ് അൽ-അബ്ദുല്ലയുടെ അധ്യക്ഷതയിൽ ഇന്നലെ അൽ ബയാൻ കൊട്ടാരത്തിൽ മന്ത്രിസഭാ യോഗം ചേർന്നു. യോഗത്തിൽ ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും വാണിജ്യ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും മരുന്ന് സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുന്നതിനുമുള്ള നിരവധി നിർണായക ഉത്തരവുകളും നിയന്ത്രണ നിർദേശങ്ങളും അംഗീകരിച്ചു.
ലൈസൻസില്ലാത്ത കറൻസി എക്സ്ചേഞ്ചിന് കർശന ശിക്ഷ നടപ്പാക്കുന്ന നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. 2013-ലെ വാണിജ്യ സ്ഥാപനങ്ങളുടെ ലൈസൻസ് നിയന്ത്രിക്കുന്ന നിയമം ഭേദഗതി ചെയ്താണ് പുതിയ നിയമം തയ്യാറാക്കിയിട്ടുള്ളത്. ലൈസൻസില്ലാതെ കറൻസി വിനിമയം നടത്തുന്നവർക്കുള്ള ശിക്ഷയിലാണ് പ്രധാന മാറ്റം. സാധാരണക്കാർക്ക് 6 മാസം വരെ തടവ് അല്ലെങ്കിൽ 3,000 ദിനാർ വരെ പിഴയും ലഭിക്കും. ചില കേസുകളിൽ തടവും പിഴയും ലഭിക്കും.
കുറ്റകൃത്യം നടത്തുന്ന കടകൾക്കും കമ്പനികൾക്കും 5,000 മുതൽ 20,000 ദിനാർ വരെ പിഴയും സ്ഥാപനങ്ങളുടെ മറ്റു ബ്രാഞ്ചുകൾ അടച്ചുപൂട്ടുകയും ചെയ്യും. എല്ലാ കേസുകളിലും ഉൾപ്പെട്ട പണം, ഉപകരണങ്ങൾ എന്നിവ കണ്ടുകെട്ടും. കുറ്റകൃത്യങ്ങളുടെ അന്വേഷണവും കേസെടുക്കലും പബ്ലിക് പ്രോസിക്യൂഷന്റെ ചുമതലയാണ്. കരട് നിയമം അമീറിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.
എല്ലാ സൈനിക-സുരക്ഷാ സ്ഥാപനങ്ങൾക്കും ഏകീകൃത രജിസ്ട്രേഷനും പ്രവേശന നടപടികളും ഏർപ്പെടുത്തുന്ന പുതിയ അതോറിറ്റി രൂപീകരിക്കുന്നതിനുള്ള കരട് നിയമവും മന്ത്രിസഭ അംഗീകരിച്ചു. പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നാഷണൽ ഗാർഡ്, ജനറൽ ഫയർ ഫോഴ്സ് എന്നിവ ഉൾപ്പെടുന്ന എല്ലാ സൈനിക-സുരക്ഷാ സ്ഥാപനങ്ങൾക്കും ഏകീകൃത രജിസ്ട്രേഷനും പ്രവേശന നടപടികളും ഏർപ്പെടുത്തുന്ന പുതിയ അതോറിറ്റി രൂപീകരിക്കുന്നതാണ് നിയമം.
ഈ അതോറിറ്റി സുപ്രീം ഡിഫൻസ് കൗൺസിലിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുക. യോഗ്യതയുള്ള ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിനും അപേക്ഷകരുടെ മുൻഗണനയും ഓരോ സ്ഥാപനത്തിന്റെയും ആവശ്യവും കണക്കിലെടുത്ത് ഏകീകൃത സംവിധാനം ഉറപ്പാക്കും. കരടിന്റെ അന്തിമ അംഗീകാരത്തിന് അമീർ ശൈഖ് മിഷാൽ അൽ-അഹമദ് അൽ-ജാബിർ അസബാഹിന് സമർപ്പിച്ചു. മരുന്ന് സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നിയമവും യോഗത്തിൽ ചർച്ചയായി.