സന്ദര്‍ശന വിസയിലെത്തിയ 14,653 പേര്‍ ഇതുവരെ തിരിച്ചുപോയില്ല; സ്‌പോണ്‍സര്‍മാര്‍ക്കെതിരെ നടപടി

Update: 2022-05-28 02:13 GMT
Advertising

കുവൈത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ സന്ദര്‍ശന വിസയിലെത്തിയ 14,653 ഇത് വരെ തിരിച്ചുപോയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം. ഇവരുടെ സ്‌പോണ്‍സര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

സന്ദര്‍ശന വിസയിലെത്തി തിരിച്ചുപോകാത്തവരുടെ സ്‌പോണ്‌സര്‍മാര്‍ക്ക് എല്ലാ തരം വിസയും നിഷേധിക്കാനാണ് നീക്കം. സന്ദര്‍ശകര്‍ ഉള്‍പ്പെടെ അനധികൃതമായി രാജ്യത്ത് തങ്ങുന്ന വിദേശികളെ കണ്ടെത്താന്‍ പരിശോധന കാമ്പയിനുകളും സജീവമാക്കും. മെയ് ഒന്ന് വരെയുള്ള കണക്കനുസരിച്ച് 149,195 പേരാണ് അനധികൃതമായി രാജ്യത്ത് താമസിക്കുന്നത്. ഇവര്‍ക്ക് പിഴ കൂടാതെ തിരിച്ചുപോകാന്‍ കഴിയുന്ന വിധത്തില്‍ പൊതുമാപ്പ് അനുവദിക്കുന്ന കാര്യവും ആഭ്യന്തര മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലുണ്ട്.

കോവിഡ് ഒന്നാം തരംഗ സമയത്ത് മാനുഷിക പരിഗണന മുന്‍നിര്‍ത്തി താമസനിയമലംഘകര്‍ക്ക് കുവൈത്ത് പൊതുമാപ്പ് അനുവദിച്ചിരുന്നു. പിഴയും ശിക്ഷാ നടപടികളും ഒഴിവാക്കി നല്‍കിയതിന് പുറമെ കുവൈത്ത് ഗവണ്മെന്റിന്റെ ചെലവിലാണ് പൊതുമാപ്പില്‍ രജിസ്റ്റര്‍ ചെയ്തവരെ നാടുകളിലേക്ക് തിരിച്ചയച്ചത്. വലിയൊരു വിഭാഗം ഈ ഇളവ് പ്രയോജനപ്പെടുത്തിയിരുന്നില്ല. നിലവില്‍ താമസനിയമലംഘകരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഒരു തവണ കൂടി ഇളവ് നല്‍കാനാണ് ആലോചന.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News