മത്സ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കുവാൻ അധികൃതർ ഇടപെടണം: കുവൈത്ത് മത്സ്യത്തൊഴിലാളി യൂണിയൻ
പ്രാദേശിക വിപണിയിൽ തൊഴിലാളികളുടെ ക്ഷാമവും സബ്‌സിഡി വെട്ടിക്കുറച്ചതും മേഖലയിൽ വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്
കുവൈത്ത് മത്സ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കുവാൻ അധികൃതർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത് മത്സ്യത്തൊഴിലാളി യൂണിയൻ. പ്രാദേശിക വിപണിയിൽ തൊഴിലാളികളുടെ ക്ഷാമവും സബ്‌സിഡി വെട്ടിക്കുറച്ചതും മേഖലയിൽ വലിയ ആശങ്ക ഉണ്ടാക്കുന്നതായി മത്സ്യത്തൊഴിലാളി യൂണിയൻ വ്യക്തമാക്കി.
മീൻ പിടിക്കാൻ കടലിൽപോകുന്ന ബോട്ടുകൾക്ക് നൂറുക്കണക്കിന് ലിറ്റർ ഡീസലാണ് ദിനവും ആവശ്യം. എന്നാൽ മണ്ണെണ്ണക്കും ഡീസലിനും നൽകിയ സബ്‌സിഡി കുറച്ചത് കടലിൽ പോകുന്ന ബോട്ടുകൾക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നതായി യൂണിയൻ പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് അനുവദിച്ചിരുന്ന ഡീസൽ വിഹിതം തീർന്നതിനെ തുടർന്ന് നിരവധി ബോട്ടുകളാണ് ഫഹാഹീൽ, ഷർഖ് സ്റ്റേഷനുകളിൽ മത്സ്യ ബന്ധനത്തിന് പോവാതെ കരയ്ക്ക് കയറ്റിയത്.
നേരത്തെ തന്നെ മത്സ്യ ലഭ്യതയുടെ കുറവ് മത്സ്യബന്ധന മേഖലയെ നഷ്ടത്തിലാക്കിയിരുന്നു. മത്സ്യ ബന്ധനത്തിന് വേണ്ടി വരുന്ന ചെലവ് നികത്താനുള്ള ലാഭം പോലും പലപ്പോഴും ബോട്ടുകൾക്ക് കിട്ടിയിരുന്നില്ല. പ്രാദേശിക മത്സ്യബന്ധന വ്യവസായത്തിന് പിന്തുണ നൽകുന്നതിൻറെ ഭാഗമായി നേരത്തെ തൊഴിലാളികളെ വിദേശത്ത് നിന്ന് റിക്രൂട്ട് ചെയ്യുവാൻ സർക്കാരിനോട് യൂണിയൻ ആവശ്യപ്പെട്ടിരുന്നു. പുതിയ തൊഴിൽ പെർമിറ്റുകൾക്കായി യൂണിയനിലെ അംഗങ്ങൾ വിസ അപേക്ഷകൾ അധികൃതർക്ക് നൽകിയിരുന്നെങ്കിലും തീരുമാനമാകാതെ കെട്ടിക്കിടക്കുകയാണ്. നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ടു.