കുവൈത്തിൽ മരുന്ന് വിതരണത്തിന് ഇനി വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാം

സ്വകാര്യ ഫാർമസികൾക്ക് അനുമതി നൽകി പുതിയ നിയമം

Update: 2025-10-13 12:29 GMT
Editor : Thameem CP | By : Web Desk

കുവൈത്ത് സിറ്റി: കുവൈത്തിൽ മുതൽ മരുന്ന് വിതരണത്തിനായി ഇനി വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാം. ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ നിയമം അനുസരിച്ചാണ് സ്വകാര്യ ഫാർമസികൾക്ക് അനുമതി ലഭിച്ചത്. മരുന്നുകളുടെ ലഭ്യത മെച്ചപ്പെടുത്തുക, ഫാർമസ്യൂട്ടിക്കൽ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, വിതരണം സുരക്ഷിതവും നിയന്ത്രിതവുമാണെന്ന് ഉറപ്പാക്കുക എന്നിവയാണ് ഈ തീരുമാനത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.

ഈ വെൻഡിങ് മെഷീനുകൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും കർശനമായ വ്യവസ്ഥകളുണ്ട്. സ്വകാര്യ ഫാർമസികൾക്ക് മാത്രമേ ഇവ സ്ഥാപിക്കാൻ അനുമതിയുള്ളൂ. ഇതിനായി ആരോഗ്യ മന്ത്രാലയത്തിന്റെ ഡ്രഗ് ഇൻസ്‌പെക്ഷൻ വിഭാഗത്തിൽ നിന്ന് ഇലക്ട്രോണിക് അപേക്ഷ വഴി പ്രത്യേക അനുമതി വാങ്ങണം. കൂടാതെ, ഫാർമസികൾക്ക് സാധുവായ പ്രവർത്തന ലൈസൻസ് ഉണ്ടായിരിക്കണം. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ, മെഷീനുകൾക്കുള്ളിലെ താപനില 25°C-ൽ കൂടാൻ പാടില്ല. കാലാവധി കഴിഞ്ഞതോ രജിസ്റ്റർ ചെയ്യാത്തതോ ആയ മരുന്നുകൾ മെഷീനുകളിൽ വിൽക്കാൻ പാടില്ല. മന്ത്രാലയം അംഗീകരിച്ച മരുന്നുകൾക്ക് മാത്രമേ വിൽപ്പനാനുമതിയുള്ളൂ. കൂടാതെ ലൈസൻസുള്ള ഒരു ഫാർമസിസ്റ്റോ ടെക്‌നീഷ്യനോ ഇതിന് മേൽനോട്ടം വഹിക്കണം.

ഒരു ഫാർമസിക്ക് പരമാവധി അഞ്ച് വെൻഡിങ് മെഷീനുകൾ വരെ പ്രവർത്തിപ്പിക്കാം. ഓരോ മെഷീനും തമ്മിൽ കുറഞ്ഞത് 100 മീറ്റർ ദൂരമുണ്ടായിരിക്കണം. ഓരോ മെഷീനിന്റെയും ലൈസൻസ് കാലാവധി ഒരു വർഷമാണ്, എല്ലാ വ്യവസ്ഥകളും പാലിക്കുന്ന പക്ഷം ലൈസൻസ് പുതുക്കി നൽകും. ഈ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News