വൈബാണ് വകാൻ വില്ലേജ്; ഒഴുകിയെത്തിയത് 27,428 സന്ദർശകർ

കണക്ക് 2025 ജനുവരി ആദ്യം മുതൽ ജൂലൈ അവസാനം വരെയുള്ളത്

Update: 2025-08-14 12:17 GMT

മസ്‌കത്ത്: ഒമാനിലെ വകാൻ വില്ലേജിലേക്കുള്ള സന്ദർശകരുടെ എണ്ണം 2025 ജനുവരി ആദ്യം മുതൽ ജൂലൈ അവസാനം വരെ 27,428 ആയി. 2024-ൽ ഇതേ കാലയളവിൽ ഒമാൻ അകത്തുനിന്നും പുറത്തും നിന്നുമുള്ള 24,093 സന്ദർശകരാണ് എത്തിയിരുന്നത്. ഈ വർഷം ശ്രദ്ധേയമായ വർധനവാണുണ്ടായത്. സൗത്ത് ബാത്തിന ഗവർണറേറ്റിലെ നഖ്ൽ വിലായത്തിലെ വാദി മിസ്തലിലാണ് വകാൻ വില്ലേജ് സ്ഥിതിചെയ്യുന്നത്.

വകാന്റെ സവിശേഷമായ പ്രകൃതിദത്തവും സാംസ്‌കാരികവുമായ ആകർഷണം ആഭ്യന്തര, അന്തർദേശീയ വിനോദസഞ്ചാരികൾക്ക് വർഷം മുഴുവനുമെത്താവുന്ന സ്ഥലമാക്കി മാറ്റിയിരിക്കുന്നതായി സൗത്ത് ബാത്തിനയിലെ പൈതൃക, ടൂറിസം വകുപ്പിന്റെ ഡയറക്ടർ ഡോ. അൽ മുതാസിം നാസർ അൽ ഹിലാലി അഭിപ്രായപ്പെട്ടു.

Advertising
Advertising

 

ഗ്രാമത്തിലെ മിത കാലാവസ്ഥയും സീസണൽ പഴങ്ങളുടെ വിളവെടുപ്പിന്റെ സമയവുമാണ് വേനൽക്കാലത്ത് വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കാൻ കാരണം. ജൂൺ തുടക്കത്തിൽ ആപ്രിക്കോട്ട്, ജൂലൈയിൽ അത്തിപ്പഴം, മാതളനാരങ്ങ, ആഗസ്റ്റിൽ പ്രാദേശിക മുന്തിരി എന്നിവയോടെയാണ് വിളവെടുപ്പ് സീസൺ ആരംഭിക്കുന്നത്. ഈ സീസണൽ പരിപാടികൾ, പ്രത്യേകിച്ച് ഔദ്യോഗിക അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും, ഗ്രാമത്തിലേക്ക് ധാരാളം സന്ദർശകരെ ആകർഷിക്കുന്നു -അൽ ഹിലാലി പറഞ്ഞു. ഗ്രാമത്തിലെ മൂന്നാമത്തെ കഫേയായ വ്യൂ കഫേ തുറന്നതും ഗ്രാമം സന്ദർശിക്കാൻ സന്ദർശകരെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാഹസിക വിനോദസഞ്ചാരികൾ ഇഷ്ടപ്പെടുന്ന, പ്രാദേശിക ഗസ്റ്റ്ഹൗസിലൂടെയുള്ള പർവത താമസ സൗകര്യങ്ങൾ, പുരാതന കാർഷിക പാതകളിലൂടെയും പർവത പാതകളിലൂടെയുമുള്ള ഹൈക്കിംഗ് എന്നിവയുൾപ്പെടെ നിരവധി ടൂറിസം അനുഭവങ്ങൾ വകാൻ ഗ്രാമം വാഗ്ദാനം ചെയ്യുന്നു. നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ള പുരാതന പള്ളി, പഴയ അയൽപക്കം, കൃഷി എന്നിവയുൾപ്പെടെയുള്ള പുരാവസ്തു ലാൻഡ്മാർക്കുകളും ഈ ഗ്രാമത്തിലുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News