ഒമാനിലെ 90% ആളുകൾക്കും രാത്രി ഒറ്റയ്ക്ക് നടക്കാൻ പേടിയില്ല: NCSI യുടെ പുതിയ റിപ്പോർട്ട് പുറത്ത്
2023 ൽ കൊലപാതക നിരക്കിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ട്
മസ്‌കത്ത്: ഒമാനിലെ 90% ആളുകളും രാത്രി ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് കരുതുന്നതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ (NCSI) പുറത്തിറക്കിയ ഏറ്റവും പുതിയ സുസ്ഥിര വികസന ലക്ഷ്യ (SDG) സ്ഥിതിവിവരക്കണക്ക് റിപ്പോർട്ട്. രാജ്യത്തുടനീളം പൊതു സുരക്ഷ വർധിപ്പിക്കുന്നതിലും അക്രമം കുറയ്ക്കുന്നതിലും ഒമാൻ ഗണ്യമായ പുരോഗതി കൈവരിച്ചതായും 2023 ലെ കണക്കനുസരിച്ച് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
2023 ൽ കൊലപാതക നിരക്കിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ട് എടുത്തുകാണിക്കുന്നു. ഒരു ലക്ഷം പേരിൽ 0.14 മരണമായാണ് കുറഞ്ഞത്. 2015 നെ അപേക്ഷിച്ച് 46 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. എല്ലാ തരം അക്രമങ്ങൾ കുറയ്ക്കുന്നതിലും പൗരന്മാരുടെയും താമസക്കാരുടെയും സംരക്ഷണം ഉറപ്പാക്കുന്നതിലും ഒമാന്റെ നിയമങ്ങളും സാമൂഹിക പരിപാടികളും പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. 2020-ൽ ശാരീരിക അതിക്രമങ്ങൾക്ക് വിധേയരാകുന്നവർ 0.6 ശതമാനമായി കുറഞ്ഞപ്പോൾ, ലൈംഗിക അതിക്രമ കേസുകൾ 2.3 ശതമാനമായി കുറഞ്ഞു.
പരിചരണക്കാർ ശാരീരികമോ മാനസികമോ ആയ ശിക്ഷ നൽകുന്നത് നിരോധിക്കുന്ന കുട്ടികളുടെ നിയമത്തിലൂടെ, കുട്ടികളുടെ സംരക്ഷണത്തോടുള്ള ഒമാന്റെ പ്രതിബദ്ധതയും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. 2015-ൽ, 18 വയസ്സിന് താഴെയുള്ള കുട്ടികളിൽ 0.003% പേർ മാത്രമേ ശാരീരിക അതിക്രമങ്ങൾക്ക് ഇരയായിട്ടുള്ളൂ. മാനസിക അതിക്രമങ്ങൾ 0.0001 ശതമാനം എന്ന നിരക്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടു.
മനുഷ്യക്കടത്തിനെ ചെറുക്കാനുള്ള ശ്രമങ്ങളും ഫലം കണ്ടു, 2023-ൽ ഇരകളുടെ നിരക്ക് ഒരു ലക്ഷത്തിൽ 0.2 ശതമാനം മാത്രമായിരുന്നു.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളോടുള്ള (SDG-കൾ), പ്രത്യേകിച്ച് സമാധാനപരവും നീതിയുക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സമൂഹങ്ങളുടെ പ്രോത്സാഹനത്തിന് ഊന്നൽ നൽകുന്ന ഗോൾ 16-നോടുള്ള പ്രതിബദ്ധതയാണ് ഒമാൻ നീതി നിർവഹണത്തിലൂടെ പ്രകടമാക്കുന്നത്.
2015-ൽ യുഎൻ അംഗരാജ്യങ്ങൾ അംഗീകരിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങൾ, ദാരിദ്ര്യം ഇല്ലാതാക്കുന്നതിനും, ഗ്രഹത്തെ സംരക്ഷിക്കുന്നതിനും, 2030-ഓടെ എല്ലാവർക്കും അഭിവൃദ്ധി ഉറപ്പാക്കുന്നതിനുമുള്ള ആഗോള ചട്ടക്കൂടായാണ് നിലകൊള്ളുന്നത്. സാമ്പത്തിക - പാരിസ്ഥിതിക സുസ്ഥിരത മുതൽ സാമൂഹിക നീതിയും മനുഷ്യാവകാശങ്ങളും വരെയുള്ള വിവിധ വിഷയങ്ങളാണ് ഈ 17 ലക്ഷ്യങ്ങളിലുള്ളത്.